അനധികൃത വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടി

കാസർകോട്​: മതിയായ രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാല്‍ ഇനി പിടിവീഴും. മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും. ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരമാണിത്. ഭക്ഷ്യോൽപന്നങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സ്, ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയതി​ൻെറ ബില്ല്​, ലാബ് പരിശോധന റിപ്പോര്‍ട്ട് എന്നിവയുണ്ടെങ്കില്‍ വിൽപന നടത്താം. എന്നാല്‍, മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജില്ലയുടെ ദേശീയപാത 66, കെ.എസ്.ടി.പി റോഡ്, സംസ്ഥാന ഹൈവേ തുടങ്ങിയ പ്രധാന റോഡുകളില്‍ ഭക്ഷ്യവസ്തുക്കളും കശുവണ്ടി പരിപ്പും പച്ചക്കറികളും മറ്റും വില്‍പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ഉദയ​ൻെറ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ കെ.പി. മുസ്തഫ, മുഹമ്മദ് അറാഫത്ത് എന്നിവരുള്‍പ്പെടുന്ന സംഘം പിടികൂടിയ കശുവണ്ടിപ്പരിപ്പ് ലാബ് പരിശോധനക്കയച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും. ആദ്യഘട്ടത്തില്‍ ബോധവത്കരിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നിയമവിരുദ്ധ വില്‍പന തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും. അംഗീകാരമില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈസന്‍സ് എടുക്കാം കാസർകോട്​: www.fssai.gov.in എന്ന വെബ്സൈറ്റില്‍ 100 രൂപ ഫീസ് അടച്ച് രജിസ്​റ്റര്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലൈസന്‍സിന് അപേക്ഷിക്കാനാകും. രേഖകളില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.