മരണത്തി​െൻറ നൂൽപാലം കടന്ന് അഫ്സൽ ജീവിതത്തിലേക്ക്​

മരണത്തി​ൻെറ നൂൽപാലം കടന്ന് അഫ്സൽ ജീവിതത്തിലേക്ക്​ പടന്ന: കോവിഡ് മഹാമാരിയുടെ തീവ്രതയേറിയ മുഖം അനുഭവിച്ചറിഞ്ഞ അഫ്സലിനിത് രണ്ടാം ജന്മം. അബൂദബി അൽ നൂർ മെഡി ക്ലിനിക്കിൽ രണ്ടുമാസം ചികിത്സയിലായിരുന്ന 33 കാരനായ അഫ്സൽ 39 ദിവസവും വൻെറിലേറ്ററിൽ ആയിരുന്നു. ഇടക്ക് പിടിപെട്ട ന്യൂമോണിയ, ഡോക്ടർമാരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്​ത്തിയപ്പോൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രാർഥനയുടെ ഫലമെന്നോണം അഫ്സൽ ജീവിതത്തിലേക്ക് കണ്ണുതുറന്നു. മുറിയിലേക്ക് മാറ്റിയിട്ടും രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോധം വീണ്ടെടുത്തത്. കഴിഞ്ഞ് മേയ് 21നാണ് നോമ്പുതുറന്ന് ക്ഷീണം കാരണം കിടന്ന അഫ്സൽ അബോധാവസ്ഥയിലായത്. പിറ്റേന്ന് രാവിലെ മുറിയിൽ വന്നവരാണ് അഫ്സലിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. 13ാം വയസ്സുമുതൽ ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗി കൂടിയായ അഫ്സലിന് പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് തെളിഞ്ഞു. രോഗം പെ​ട്ടെന്ന്​ മൂർച്ഛിച്ചു. കോവിഡി​ൻെറ ചില ലക്ഷണങ്ങളുണ്ടായിട്ടും അവഗണിച്ചത് കാര്യങ്ങൾ വഷളാക്കി. രണ്ടു മാസങ്ങൾക്കുശേഷം ഡിസ്ചാർജായ അഫ്സൽ നാട്ടിൽ തിരിച്ചെത്തി വീട്ടിൽ വിശ്രമത്തിലാണ്. നടക്കാൻ അൽപം പ്രയാസം ഉള്ളതൊഴിച്ചാൽ ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. പ്രതിസന്ധി ഘട്ടത്തിൽ എന്നും ഹോസ്പിറ്റലിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ച് വേണ്ടതെല്ലാം ചെയ്തുതരുകയും വീട്ടുകാരെ എന്നും വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്ത നാട്ടുകാരൻ കൂടിയായ പി.കെ. മുഹമ്മദ് കുഞ്ഞി, വി. ഫൈസൽ, പി. ശാക്കിർ എന്നിവരെയും എല്ലാറ്റിനുമുപരി ജോലി ചെയ്ത ബുക്കേറ്റ് ഫാബ്രിക്സ് കമ്പനി ഉടമകളെയും അഫ്സൽ നന്ദിപൂർവം സ്മരിക്കുന്നു. മഴുവൻ ചികിത്സ ചെലവുകളും വീടുവരെ വന്ന ആംബുലൻസ് ചെലവും കൂടാതെ ആശുപത്രിയിൽ കിടന്ന രണ്ടുമാസത്തെ ശമ്പളം പോലും കമ്പനി നൽകിയിരുന്നു. പടന്ന ഓരി ഏരമ്പ്രം റോഡിൽ കെ.എ. ഖാദറി​ൻെറയും ആയിഷയുടെയും മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.