തീരദേശ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തൈക്കടപ്പുറം അഴിത്തല മുതൽ ചിത്താരി കടപ്പുറം വരെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് തൊഴിൽ നിലനിർത്താൻ പണിമുടക്കിലേക്ക് നീങ്ങുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാന - ജില്ലകളിൽ നിന്നെത്തിയ ഒഴുക്കുവല മത്സ്യത്തൊഴിലാളികളുടെ അനധികൃത മീൻപിടിത്തം അധികൃതർ തടയണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇവർ പുറംകടലിൽ വലയെറിഞ്ഞ് മീൻപിടിക്കു​േമ്പാൾ പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് ചെറുമീനുകൾ മാത്രമാണ് ലഭിക്കുന്നത്. അധികൃതർ ഇത്തരം വള്ളങ്ങളെ നിയന്ത്രിച്ചിച്ചെങ്കിൽ ഇവരുടെ വള്ളം കടലിൽ ​െവച്ചുതന്നെ തടയുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ഇതിനായി തീരദേശ പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടന രൂപവത്​കരിച്ചു. മാത്രമല്ല, മണ്ണെണ്ണയുടെ വില വർധിക്കുകയും ഐസ് ഫാക്ടറിയിൽനിന്ന് പരമ്പരാഗത തൊഴിലാളികൾക്ക് ഐസ് കിട്ടാതെ വരുകയും ചെയ്യുന്നു. കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ 80ഓളം വള്ളങ്ങൾ അഴിത്തല കേന്ദ്രമാക്കി മീൻപിടിക്കുന്നുണ്ടെന്ന് ഇവർ പരാതി ഉന്നയിക്കുന്നു. എല്ലാ വർഷവും മേയ് ഒന്നുമുതൽ ​െസപ്റ്റംബർ 30 വരെ മാത്രമേ ഒഴുക്കുവലക്കാർക്ക് മീൻപിടിക്കാനുള്ള അധികാരമുള്ളൂ. അത് കഴിഞ്ഞാൽ അവർ തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് നിബന്ധന. എ.ഡി.എം, പൊലീസ്, ഫിഷറീസ്, വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ, കമീഷൻ ഏജൻറുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ 2018 ജൂണിൽ തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ തീരുമാനം ഒഴുക്കുവല മത്സ്യത്തൊഴിലാളികൾ ലംഘിക്കുന്നതുകൊണ്ടാണ് സർവകക്ഷി യോഗം ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. 150 ഓളം പരമ്പരാഗത വള്ളങ്ങളിൽ 1500ഓളം മത്സ്യത്തൊഴിലാളികളാണ് ഉപജീവന മാർഗം നടത്തുന്നത്. വെങ്ങാട്ട് കുഞ്ഞിരാമൻ, എ. തിലകൻ, ടി.കെ. അശോകൻ,വി.വി. സുഗതൻ, വേണു പുഞ്ചാവി എന്നിവരാണ് രക്ഷാധികാരികൾ. ഗണേശൻ (പ്രസി.​), മനോഹരൻ പുഞ്ചാവി (വൈസ് പ്രസി.​), ഷാജി അജാനൂർ (സെക്ര.), സുരേന്ദ്രൻ മരക്കാപ്പ് കടപ്പുറം (ജോ. സെക്ര.), ഇ. ശശി അച്ചാംതുരുത്തി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT