മലപ്പട്ടം പൂക്കണ്ടത്ത് പശുവിന് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു
ശ്രീകണ്ഠപുരം: മലപ്പട്ടത്തും ശ്രീകണ്ഠപുരത്തുമായി പേവിഷബാധയേറ്റ മൂന്ന് പശുക്കളെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ വിഷം കുത്തിവെച്ച് കൊന്നു. മലപ്പട്ടം പൂക്കണ്ടത്തിൽ രണ്ടും ശ്രീകണ്ഠപുരം കോട്ടൂരിൽ ഒരു പശുവിനെയുമാണ് കൊന്നത്. പൂക്കണ്ടത്തെ കടാങ്കോട്ട് തങ്കമണി, എൻ.കെ. ജയൻ എന്നിവരുടെ കറവപ്പശുക്കൾ രണ്ടു ദിവസങ്ങളായി പേ വിഷ ബാധയേറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മയ്യിൽ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ആസിഫ് എം. അഷ്റഫ് എത്തി പരിശോധിക്കുകയും പേ വിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് പശുക്കളെ ദയാവധം നടത്തുകയും ചെയ്തു.
പ്രദേശത്തെ 20 പശുക്കൾക്കും ആറ് ആടുകൾക്കും പ്രതിരോധ കുത്തിവെപ്പും നൽകിയിട്ടുണ്ട്. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അക്ഷയ് അമൽ, വി.എസ്. വിമൽ എന്നിവർ നേതൃത്വം നൽകി. പശുക്കളുമായി അടുത്തിടപഴകിയ വീട്ടുകാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
ശ്രീകണ്ഠപുരം കോട്ടൂരിലെ കെ.വി. കൃഷ്ണന്റെ ഒന്നര വയസ്സുള്ള കിടാവിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായത്. തുടർന്ന് ചെമ്പന്തൊട്ടി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അനുമോൾ ജോസഫ് എത്തി പരിശോധിച്ചതിന് ശേഷമാണ് വിഷം കുത്തിവെച്ച് കൊന്നത്. കൃഷ്ണന്റെ മറ്റ് നാല് പശുക്കൾക്കും പ്രതിരോധ കുത്തിവെപ്പും നൽകിയിട്ടുണ്ട്. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്. വിമൽ നേതൃത്വം നൽകി. മലപ്പട്ടത്ത് ഒരാഴ്ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ രണ്ട് കുറുനരികളെ നാട്ടുകാർ കുഴിച്ചിട്ടിരുന്നു. പശുക്കളെ വയലിൽ കെട്ടിയ സമയത്ത് ഇവ കടിച്ചതാകാൻ സാധ്യതയുണ്ടെന്ന് മൃഗാശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.