മന്ത്രി ഇ.പി. ജയരാജൻ രാജി​വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കീച്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്​ അക്രമാസക്തമായതിനെ തുടര്‍ന്ന്​ പൊലീസ് ലാത്തിവീശുന്നു

മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; പിന്നാലെ യുവമോർച്ച-ഡി.വൈ.എഫ്​.ഐ ഏറ്റുമുട്ടൽ

പാപ്പിനിശ്ശേരി: മന്ത്രി ഇ.പി. ജയരാജ​െൻറ പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിലേക്ക് യുവമോർച്ച കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുശേഷം യുവമോർച്ച-ഡി.വൈ.എഫ്​.ഐ പ്രവർത്തകർ പാപ്പിനിശ്ശേരി ടൗണിൽ ഏറ്റുമുട്ടിയത്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു.

ലൈഫ് മിഷൻ പദ്ധതി അഴിമതിയിൽ മന്ത്രിയുടെ മക​െൻറ പേരും ഉയർന്നുവന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ചൊവ്വാഴ്​ച രാവിലെ പാപ്പിനിശ്ശേരി ചുങ്കത്തുനിന്ന് ആരംഭിച്ച മാർച്ച് വേളാപുരത്ത് മന്ത്രിവസതിയുടെ ഒരു കിലോമീറ്റർ അകലെവെച്ച്​ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു തടഞ്ഞു.

മാർച്ച് യുവമോർച്ച സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാത ഉപരോധിക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. യുവമോർച്ച നേതാക്കളായ അരുൺ കൈതപ്രം, അരുൺ കീച്ചേരി, സുബിൻ കൂത്തുപറമ്പ് തുടങ്ങി പത്തോളം പ്രവർത്തകർക്ക്​ ലാത്തിച്ചാർജിൽ പരിക്കേറ്റു.

സന്ദീപ് വാര്യർ അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്​റ്റുചെയ്തു നീക്കി. മാർച്ചിനുശേഷം പാപ്പിനിശ്ശേരി പഞ്ചായത്ത്​ ഓഫിസിന്​ സമീപത്ത് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി. വടിയും കല്ലുമായി പാപ്പിനിശ്ശേരി ടൗണിൽ പ്രവർത്തകർ ഏറ്റുമുട്ടിയത് ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു.

ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ട യുവമോർച്ച പ്രവർത്തകരുടെ അഞ്ചോളം ബൈക്കുകൾ തകർക്കപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ ലാത്തിവീശി ഓടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.