മുഴപ്പിലങ്ങാട്: മഠത്തിന് സമീപം ദേശീയപാത ആറുവരിപ്പാതക്കു മുകളിലായി നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം വൈകുകയാണ്. ജൂലൈ ആദ്യവാരത്തിൽ റോഡിന് മധ്യത്തിലായി കോൺക്രീറ്റിൽ അടിത്തറ നിർമാണം പൂർത്തിയാക്കിയിരുന്നു. പിന്നീടിങ്ങോട്ട് നാലു മാസം കഴിഞ്ഞിട്ടും തുടർനിർമാണം ഒന്നുംതന്നെ നടന്നിട്ടില്ല.
പാതയുടെ ഒരു വശത്തുള്ളവർ മറുവശത്തെത്താൻ സർവിസ് റോഡുകഴിഞ്ഞാൽ ആറുവരിപ്പാത മുറിച്ചുകടക്കാൻ നടന്നുപോകുന്നത് അപകടമുനമ്പിലൂടെയാണ്. നിരന്തരം ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ വന്നിടിക്കാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ പാത മുറിച്ചുകടക്കുന്നവർക്ക് വാഹനമിടിച്ച് പരിക്കേറ്റ നിരവധി അപകടങ്ങൾ ഉണ്ടാവുകയും സ്ത്രീ മരിക്കുകയും ചെയ്തിരുന്നു.
നേരം ഇരുട്ടായാൽ ദേശീയപാത മുറിച്ചുകടക്കുന്ന യാത്രക്കാരെ വാഹനത്തിലെ ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത അവസ്ഥയുമുണ്ട്. മഠത്തിന് അടിപ്പാത ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ച് നിരവധി സമരങ്ങൾ നടത്തിയിരുന്നു.
തുടർന്ന് പരിഹാരമില്ലാതെ വന്നപ്പോൾ മൂന്നു മാസത്തോളം പന്തൽ കെട്ടി ജനകീയ സമരവും നടത്തി. കെ. സുധാകരൻ എം.പി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടതോടെയാണ് കേന്ദ്രം അടിപ്പാതക്ക് പകരമായി മഠം നടപ്പാലം പാസാക്കിയത്. ഇതാണിപ്പോൾ നിർമാണം ആരംഭിച്ച് പാതിവഴിയിൽ നിലച്ചനിലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.