തകർന്ന കാരയാപ്പ് റോഡ്

കഠിനമാണ് കാരയാപ്പ് റോഡ് കടക്കൽ

കണ്ണൂർ: തകർന്ന് സഞ്ചാരയോഗ്യമല്ലാതായ കാരയാപ്പ് റോഡ് കടക്കൽ അതിസാഹസമാണ്. കൊളച്ചേരി പഞ്ചായത്ത് 12ാം വാർഡിൽ വാരംറോഡ് പെട്രോൾ പമ്പിനുസമീപം തുടങ്ങി കാരയാപ്പ് വയലിൽ അവസാനിക്കുന്ന റോഡാണ് പൂർണമായി തകർന്നത്. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൽ രണ്ടുകിലോമീറ്ററോളം ദുരിത യാത്രയാണ്.

കാരയാപ്പ് ജുമാമസ്ജിദ്, മദ്റസ തുടങ്ങിയയിടങ്ങളിലേക്ക് വിദ്യാർഥികൾ അടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്. കുണ്ടുംകുഴിയുമായി കല്ലുകൾ നിറഞ്ഞ റോഡുവഴി ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകൾ വരാത്ത സ്ഥിതിയാണ്. രോഗികളെയടക്കം ചുമന്ന് പ്രധാനറോഡിൽ എത്തിക്കണം. കഴിഞ്ഞ ദിവസം പ്രദേശത്തെ അർബുദ രോഗിയെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ ആംബുലൻസടക്കം ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോയത്.

റോഡിന്‍റെ ദുരവസ്ഥകാരണം കാൽനടപോലും സാധ്യമല്ല. ആളുകൾ സമീപത്തെ പറമ്പിലൂടെയും മറ്റുമാണ് പോകുന്നത്. ഒരുവർഷമായി ഈ ദുരവസ്ഥ തുടരുമ്പോഴും പഞ്ചായത്ത് അധികൃതർ മൗനത്തിലാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഓവുചാലുകൾ മണ്ണിട്ട് നികത്തിയ നിലയിലാണ്. കല്ലുനിറഞ്ഞ റോഡിലൂടെ ഓടി വാഹനങ്ങളുടെ ടയറുകൾ പൊട്ടുന്നതും തകരാറിലാവുന്നതും നിത്യസംഭവമാണ്. കാരയാപ്പ് റോഡ് നവീകരിക്കാനുള്ള പദ്ധതികൾ തയാറായിവരുകയാണെന്നും ഉടൻ കല്ലുപാകി നന്നാക്കുമെന്നും പഞ്ചായത്തംഗം എൻ.പി. സുമയത്ത് പറഞ്ഞു.

Tags:    
News Summary - Crossing the Karayapp Road is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.