അജ്ഞാത തോക്കുധാരികളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാനംവയലില്‍ എത്തിയ പൊലിസ് നാട്ടുകാരില്‍ നിന്നും

വിവരങ്ങള്‍ ശേഖരിക്കുന്നു

ചെറുപുഴയിൽ തോക്കുധാരികളായ അജ്ഞാത സംഘത്തെ കണ്ടെന്ന്

ചെറുപുഴ: പഞ്ചായത്തിലെ കാനംവയലില്‍ തോക്കുധാരികളായ അജ്ഞാത സംഘത്തെ കണ്ടെന്ന് വെളിപ്പെടുത്തല്‍. മാവോവാദികളാണെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് പണിയെടുക്കുകയായിരുന്ന യുവാവ് വനിത ഉള്‍പ്പെടെയുള്ള തോക്കുധാരികളെ കണ്ടത്.

കാനംവയല്‍ പള്ളിക്ക് 200 മീറ്ററോളം എതിര്‍വശത്തായി മരുതുംതട്ടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ മെഷീന്‍ ഉപയോഗിച്ച് കാടുതെളിക്കുകയായിരുന്ന ബാബു എന്ന യുവാവാണ് തോക്കുധാരികളായ സംഘത്തെ കണ്ടത്. വ്യാഴാഴ്ച 12.30ഓടെ പണിയെടുത്തുകൊണ്ടിരുന്നതിന് 60 മീറ്റര്‍ അകലെയായി തോക്കുധാരികളായ മൂന്നുപേര്‍ നടന്നുപോകുന്നത് കണ്ടതായാണ് ബാബു വെളിപ്പെടുത്തിയത്. സംഘത്തിലെ ഒരാള്‍ വനിതയായിരുന്നുവെന്നും ബാബു പറഞ്ഞു.

ബാബു വിവരമറിയിച്ചതനുസരിച്ച് സ്ഥലമുടമ ചെറുപുഴ പൊലീസില്‍ അറിയിക്കുകയും വൈകീട്ടുതന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അജ്ഞാത സംഘം മാവോവാദികളാണോ എന്ന സംശയം ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ചെറുപുഴ പൊലിസും സ്പെഷല്‍ ബ്രാഞ്ചും വീണ്ടും സ്ഥലത്തെത്തി ബാബുവില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

അജ്ഞാത സംഘമെത്തിയതെന്ന് പറയുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു. 2013 ഫെബ്രുവരി ഒന്നിന് മാവോവാദി നേതാവ് രൂപേഷും സംഘവും എത്തിയ കര്‍ണാടകയിലെ മാങ്കുണ്ടി എസ്റ്റേറ്റിനോട് ചേര്‍ന്ന പ്രദേശമാണ് കാനംവയല്‍. ഇതുസംബന്ധിച്ച് പൊലീസെടുത്ത കേസിനെ തുടര്‍ന്ന് 2015ല്‍ രൂപേഷിനെ ഇവിടെയെത്തിച്ച് തെളിവെടുത്തിരുന്നു. മുമ്പ് മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതിനാലാണ് വനിത ഉള്‍പ്പെട്ട തോക്കുധാരികളെ

കണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങളും പതിവായി എത്താറുണ്ടെന്നും ഇവരെയാകാം യുവാവ് കണ്ടതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Tags:    
News Summary - An unknown group with guns was seen in Cherupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.