ച​ക്ക​ര​ക്ക​ല്ല്​ ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ചക്കരക്കല്ലിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

ചക്കരക്കല്ല്: ബസ് സ്റ്റാൻഡിലുണ്ടായ വൻ തീപിടിത്തത്തിൽ കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം. മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമാണുണ്ടായത്.

പൊതുവാച്ചേരി സ്വദേശി രാജന്റെ ഇന്ത്യൻ ബേക്കറി, ഒന്നാം നിലയിലെ മാച്ചേരി സ്വദേശി ആകാശിന്റെ ക്രയോൺസ് പ്രിൻറിങ് ഹബ് എന്നിവ പൂർണമായും കത്തിനശിച്ചു. രണ്ടാം നിലയിലെ എസ്.ഇ.ആർ.സി ട്യൂഷൻ സെൻറർ ഭാഗികമായും കത്തിനശിച്ചു.

ഇന്ത്യൻ ബേക്കറിയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ബേക്കറി പലഹാരങ്ങളും ഫർണിച്ചറുകളും ഇൻറീരിയർ വർക്കുകളും ഷട്ടർ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. 60 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.ക്രയോൺസ് പ്രിൻറിങ് ഹബിൽ പ്രിൻറിങ് മെഷീൻ, കമ്പ്യൂട്ടറുകൾ, യു.പി.എസ്, വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്.ഇ.ആർ.സി ട്യൂഷൻ സെൻററിലെ ഫർണിച്ചറുകളും ലൈബ്രറിയിലെ പുസ്തകങ്ങളും കത്തിനശിച്ചു. സമീപത്തെ കടകളിലെ നെയിം ബോർഡുകളും എ.സി.പി വർക്കുകളും നശിച്ചിട്ടുണ്ട്.

രാവിലെ 7.15 ഓടെയാണ് ബേക്കറിക്കുള്ളിൽ നിന്ന് പുക ഉയരുന്നതായി സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ബേക്കറി ഉടമയെയും അഗ്നിരക്ഷസേനയെയും വിവരമറിയിച്ചു. എട്ടോടെ മൂന്ന് നിലകളിലേക്കും തീപടർന്നു.

അഗ്നിരക്ഷ ഉദ്യോഗസ്ഥരായ പി. ഷാനിത്ത്, ഉണ്ണികൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് എത്തിയ മൂന്ന് അഗ്നിരക്ഷ യൂനിറ്റും തലശ്ശേരിയിൽനിന്ന് എത്തിയ ഒരു യൂനിറ്റും ചക്കരക്കല്ല് പൊലീസും നാട്ടുകാരും മൂന്നുമണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ചക്കരക്കല്ല് ബസ് സ്റ്റാൻഡിലെ തീപിടിത്തം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സമീപ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സംയുക്തമായ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പ്രമീള, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് കെ. ദാമോദരൻ, ചെമ്പിലോട് പഞ്ചായത്ത് അംഗങ്ങളായ എം.വി. അനിൽകുമാർ, കെ. സുരേശൻ, വ്യാപാരി വ്യവസായി എകോപന സമിതി നേതാക്കളായ കെ.പി. നസീർ, കെ. പ്രദീപൻ എന്നിവർ സംഭവസ്ഥലത്തെത്തി. തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമെന്നാണ് പ്രാഥമിക വിവരം.

Tags:    
News Summary - Large fire in chakkarakkal; Loss of crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.