box നിറസ്തംഭത്തിൽ വിടരുന്ന കാർഷിക സംസ്കൃതി

പയ്യന്നൂർ: ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകമടയാളപ്പെടുത്തി ക്ഷേത്ര സ്തംഭത്തിൽ കാഴ്ചയുടെ നിറവസന്തം. മാതമംഗലം നീലിയാർ ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടക്കാത്തൂണുകൾകൊണ്ട് നിറവസന്തമൊരുക്കുന്നത്. 'നീലിയാർ കോട്ട'മെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ വർഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാരത്തൂണുകൾ ഉണ്ടാക്കുന്നത്. ഇരുപതിനായിരത്തിലേറെ പഴുത്ത അടക്കകളാണ് ഇതിനായി എത്തിക്കുന്നത്. വണ്ണാത്തിപ്പുഴയുടെ തീരങ്ങളിലെ കവുങ്ങുകളിൽനിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടക്കാക്കുലകൾ പൊളിച്ച്, നിലം തൊടാതെ ഇറക്കിക്കൊണ്ടുവന്നാണ് അലങ്കാത്തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാംനാളിൽ അടക്കാത്തൂണുകളുടെ നിർമാണം തുടങ്ങും. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് അടക്കാമാലകൾ കൊരുത്ത് അലങ്കരിക്കാൻ ഒരുക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന പൊൻമുത്തു പോലുള്ള തൂണുകൾ, നാലാം നാളിൽ എത്തുന്നവർക്ക് നയനമനോഹര കാഴ്ചയാണ്. ഇത് ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേർ എത്താറുണ്ട്. ​ഫെബ്രുവരി എട്ടിന് അവസാനിക്കുന്ന കളിയാട്ടത്തിൽ 10 അടക്കാത്തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കാറുള്ളത്​. എല്ലാ വർഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്. എട്ടിന് പുലർച്ചയുള്ള തീച്ചാമുണ്ഡിയും ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവം, 11ന് തിരുമുടി നിവരുന്ന നീലിയാർ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവർക്ക് അടക്കാത്തൂണുകളും പൈതൃക കാഴ്ചതന്നെ. -------------------- പി.വൈ.ആർ അടക്കാതൂൺ: 1. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്രത്തിലെ അടക്കാത്തൂണുകൾ 2. നീലിയാർ കോട്ടത്ത് ഒരുക്കിയ പഴുക്കടക്കാ തൂണുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.