കൈവശ ഭൂമിക്ക് പട്ടയം കിട്ടാതെ 94 കുടുംബങ്ങൾ

കൊട്ടിയൂർ: ഭൂമിയുടെ യഥാർഥ ഉടമകളെ കണ്ടെത്താൻ റവന്യൂ, വനം വകുപ്പുകൾ തുടങ്ങിയ നടപടികൾ 30 വർഷത്തിലേറെയായിട്ടും പൂർത്തീകരിച്ചില്ല. ഇതോടെ അരനൂറ്റാണ്ടിലേറെയായി കൃഷിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഭൂമിക്ക് പട്ടയം കിട്ടാത്ത കൊട്ടിയൂർ പഞ്ചായത്തിലെ 94 കുടുംബങ്ങൾ ദുരിതത്തിലായി. നാലോളം തവണ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് സംയുക്ത പരിശോധന നടത്തിയ ഈ ഭൂമി സംരക്ഷിക്കാൻ കോടതി കയറേണ്ട അവസ്ഥയിലാണ്​ ഇവർ. ഭൂമിയുടെ ഉടമകളെ കണ്ടെത്താൻ റവന്യൂ, വനം വകുപ്പുകൾ 1988 മുതൽ തുടങ്ങിയ നടപടികൾ 30 വർഷത്തിലേറെയായിട്ടും പൂർത്തീകരിച്ചിട്ടില്ല. മന്ദംചേരി മുതൽ പാൽച്ചുരം വരെ ബാവലിപ്പുഴയരികിലും പന്നിയാംമലയിലുമായാണ് വനംവകുപ്പ് അവകാശമുന്നയിക്കുന്ന 9.328 ഹെക്​ടർ ഭൂമി സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് ബാവലിപ്പുഴക്ക്​ അക്കരെ വനമാണ്. ആ വനത്തി​ൻെറ ബാക്കി ഭാഗം പുഴക്കിക്കരെ കൃഷിഭൂമിയിലുണ്ടെന്നാണ് വനംവകുപ്പി​ൻെറ അവകാശവാദം.1977 ജനുവരി ഒന്നിനുമുമ്പ് കൈവശംവെച്ച്‌ അനുഭവിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന സർക്കാർ ഉത്തരവ് പ്രകാരം ഈ ഭൂമി പട്ടയത്തിന് അർഹമാണെന്ന് സർക്കാർ രേഖകൾ തന്നെ പറയുന്നു. തലശ്ശേരി തഹസിൽദാർ 2011ൽ കലക്​ടർക്ക് നൽകിയ കത്ത് പ്രകാരം 1955 മുതൽ ഈ കുടുംബങ്ങൾ പ്രദേശത്ത് കൃഷിചെയ്​ത് ജീവിക്കുന്നുണ്ട്‌. 2015ൽ ഡി.എഫ്.ഒ കലക്​ടർക്കയച്ച കത്തിൽ സംയുക്ത പരിശോധന പ്രകാരം ഈ ഭൂമി പട്ടയം നൽകുന്നതിന് അർഹമെന്ന് വ്യക്തമാക്കുന്നു. തുടർന്ന് കലക്​ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒരിക്കൽകൂടി സംയുക്ത പരിശോധന നടത്തുന്നതാണ് ഉചിതമെന്ന്‌ തീരുമാനിച്ചു. ഇതേത്തുടർന്ന് പരിശോധന നടത്തി റിപ്പോർട്ട് 2016 ഏപ്രിൽ എട്ടിനുമുമ്പ്‌ സമർപ്പിക്കണമെന്ന് തഹസിൽദാറോട് ആവശ്യപ്പെട്ടു. ഓരോ തവണ പരിശോധന നടക്കുമ്പോഴും ഭൂമി തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ കഴിഞ്ഞു. എന്നാൽ, പലതവണ സംയുക്ത പരിശോധന നടന്നതല്ലാതെ പട്ടയം ലഭിച്ചില്ല. തുടർന്ന് പ്രദേശവാസികൾ കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ ഇൻജങ്ഷൻ ഫയൽ ചെയ്​തു. കോടതി കമീഷനെ നിയമിച്ചു. കമീഷൻ ഈ വർഷം ജനുവരി ആറിന് പ്രദേശം സന്ദർശിച്ചു. ആഗസ്​റ്റ്​ 13ന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ പ്രദേശത്ത് വനം അതിർത്തി ജെണ്ട പുഴക്ക് അക്കരെയാണെന്നും പ്രദേശത്ത് 60-70 വർഷം പഴക്കമുള്ള തെങ്ങുള്ളതായും പറയുന്നു. ഇനിയെങ്കിലും തങ്ങളുടെ ജന്മാവകാശം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.