കോവിഡ്​: സ്​പെഷൽ തപാല്‍ ബാലറ്റ് വിതരണത്തിന്​ ജില്ലയില്‍ 116 ടീമുകള്‍

കണ്ണൂർ: കോവിഡ് പോസിറ്റിവ് രോഗികളും ക്വാറൻറീനിൽ കഴിയുന്നവരുമായ വോട്ടര്‍മാര്‍ക്ക് സ്‌പെഷല്‍ തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി ജില്ലയില്‍ 116 ടീമിനെ നിയോഗിച്ചു. ഒരു സ്‌പെഷല്‍ പോളിങ്​ ഓഫിസറും ഒരു സ്‌പെഷല്‍ പോളിങ്​ അസിസ്​റ്റൻറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഒരു ടീമില്‍ ഉണ്ടാവുക. ഇങ്ങനെ 232 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അടിസ്ഥാനത്തിലാണ് ഈ ടീമിനെ നിയോഗിച്ചിട്ടുള്ളത്. ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍മാരുടെ നിര്‍ദേശാനുസരണം ആവശ്യമായ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനിലുമായി സ്‌പെഷല്‍ പോസ്​റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. ഡിസംബര്‍ അഞ്ചിന് രാവിലെ 9.30ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാനാണ് ടീമിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്നുതന്നെ ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കോവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ഇവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കും. കോവിഡ് പോസിറ്റിവ്, ക്വാറൻറീന്‍ വോട്ടര്‍മാരുടെ പട്ടിക ജില്ല മെഡിക്കല്‍ ഓഫിസാണ് തയാറാക്കുക. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടുകളിലോ ആശുപത്രികളിലോ സി.എഫ്.എൽ.ടി.സികളിലോ നേരിട്ട് എത്തി പോസ്​റ്റല്‍ ബാലറ്റ് കൈമാറും. ഡിസംബര്‍ 14ന് പോളിങ്​ നടക്കുന്ന ജില്ലയില്‍ ഡിസംബര്‍ അഞ്ചിനാണ് ആദ്യ പട്ടിക തയാറാക്കുക. 13ന് വൈകീട്ട് മൂന്ന് മണിവരെ പോസിറ്റിവ് ആവുകയോ ക്വാറൻറീനിലാവുകയോ ചെയ്യുന്നവരുടെ പട്ടിക തയാറാക്കിയാണ് പോസ്​റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നത്. അതിനുശേഷമുള്ളവര്‍ക്ക് പോളിങ്ങി​ൻെറ അവസാന മണിക്കൂറില്‍ പി.പി.ഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ടുചെയ്യാമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.