പ്രതിരോധത്തിന്‍റെ മാട്ടറ മോഡൽ; കാട്ടാനയെ തുരത്താൻ 'തേനീച്ച' വേലി

പ്രതിരോധത്തിന്‍റെ മാട്ടറ മോഡൽ; കാട്ടാനയെ തുരത്താൻ 'തേനീച്ച' വേലിആനയെത്തുന്ന വഴികളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതാണ്​ രീതി കണ്ണൂർ: കാട്ടാനയെ തുരത്താൻ പ്രതിരോധത്തിന്‍റെ 'തേനീച്ചവേലി' യുമായി മാട്ടറ മോഡൽ. കർണാടക വനത്തോട് ചേർന്നുകിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ 1.2 കിലോമീറ്ററാണ് വനാതിർത്തി ഉള്ളത്. 150 എക്കറിലായി 30 ഓളം കുടുംബങ്ങളായിരുന്നു മുമ്പ്​ ഇവിടെ കൃഷിചെയ്​ത് താമസിച്ചിരുന്നത്​. എന്നാൽ, കാട്ടാന അക്രമം തുടർക്കഥയായതിനെ തുടർന്ന്​ തുച്ഛ വിലയ്​ക്ക്​ ഏവരും സ്ഥലമെല്ലാം വിറ്റ്​ നാടുവിട്ടു. ഇവിടെ ഇപ്പോൾ രണ്ട്​ കുടുംബങ്ങൾ മാ​ത്രമാണ്​ വനാതിർത്തിയോട്​ ചേർന്ന്​ താമസിക്കുന്നത്​. ​ഇവിടെ വനംവകുപ്പ് സൗരോർജവേലി സ്ഥാപിച്ചിരുന്നെങ്കിലും അത് കാടുപിടിച്ച്​ നശിച്ചു. കഴിഞ്ഞ വർഷം വാർഡ്‌ അംഗത്തിന്‍റെ നേതൃത്വത്തിൽ വേലി പുനരുദ്ധരിക്കുകയും ജനകീയമായി പണം കണ്ടെത്തി ബാറ്ററി ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇ​തൊന്നും ഫലപ്രദമാകാത്തതിനെ തുടർന്നാണ്​ വാർഡ്‌ അംഗം സരുൺ തോമസിന്‍റെ നേതൃത്വത്തിൽ കാട്ടാനക​ളെ തുരത്താൻ 'തേനീച്ചവേലി​' പദ്ധതി ആവിഷ്കരിച്ചത്​. കൃഷയിടങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താൻ വിദേശരാജ്യങ്ങളിലും കർണാടകയിലെ കുടക്​ ജില്ലയിലും ഫലപ്രദമായി പരീക്ഷിച്ചുവിജയിച്ച രീതിയാണ്​ 'തേനീച്ചവേലി' സംവിധാനം. ആന തുടർച്ചയായി വന്ന് കൃഷിയിടങ്ങൾ നശിപ്പിച്ച വഴികളിൽ സൗരോർജവേലിയോട്​ ചേർന്ന്​ തേനീച്ചപ്പെട്ടികൾ മൂന്ന്​ മീറ്റർ അകലത്തിൽ സ്ഥാപിക്കുന്ന രീതിയാണ്​ ഇത്​. പൊതുവെ ഇറ്റാലിയൻ തേനീച്ചകളെ ആണ് ഇതിനായി ഉപയോഗിക്കുന്നതെങ്കിലും ഇവിടത്തെ കാലാവസ്ഥയോട് യോജിക്കുന്ന നാടൻ തേനീച്ചകളെയാണ് പെട്ടിയിൽ വെച്ചിട്ടുള്ളത്. തേനീച്ചകളുടെ മൂളൽ ശബ്ദം ഏറെ ദൂരത്തുനിന്നുതന്നെ കേൾക്കുന്നതിലൂടെ ആനകൾ ഭയന്ന് പിന്തിരിയും എന്നതാണ് പ്രത്യേകത. തേനീച്ചകളുടെ ആക്രമണത്തിൽ ആനകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. കുടക് പ്രദേശങ്ങളിൽ മിക്ക പ്രദേശങ്ങളിലും വിജയിക്കപ്പെട്ട പദ്ധതിയാണിത്. ചെറിയ മുതൽമുടക്കിൽ തീർക്കുന്ന ഈ പ്രതിരോധമാർഗത്തിലൂടെ ഏക്കർകണക്കിന് കൃഷിഭൂമികൾ സംരക്ഷിക്കാൻ സാധിക്കും. ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതെങ്കിലും ഒരുവർഷംകൊണ്ട് വനാതിർത്തിയിൽ പൂർണമായും ഇവ സ്ഥാപിക്കും. പരീക്ഷണപദ്ധതിയിൽ 27 പെട്ടികളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്.ഗുണമേന്മയേറിയ തേൻ ഉൽപാദിപ്പിക്കുന്നതിനാൽ ഈ പ്രതിരോധമാർഗം ലാഭകരവുമാണ്​. പെട്ടികളുടെ എണ്ണം വർധിക്കുന്നതോടെ ഗുണമേന്മയുള്ള തേൻ വിപണിയിലെത്തിക്കുമെന്നും വാർഡ്‌ അംഗം സരുൺ തോമസ് പറഞ്ഞു.പെട്ടികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് വാർഡ്‌ അംഗം സരുൺ തോമസ്, കർഷകരായ ജയ്​ പ്രവീൺ കിഴക്കേതകിടിയേൽ, വർഗീസ് ആത്രശ്ശേരി, സെബാസ്റ്റ്യൻ തെനംകാലയിൽ, ഇന്നസെന്റ് വടക്കേൽ, ബിനു കല്ലുകുളങ്ങര, അഭിലാഷ് കാരികൊമ്പിൽ, അമൽ ജോസഫ്, സി.ഡി. അമൽ എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് കർഷകർക്കായി സബ്‌സിഡി നിരക്കിലാണ്​ തേനീച്ചപ്പെട്ടികൾ നൽകുന്നത്​. വനാതിർത്തിയിലെ സ്ഥലമുടമകളായ കർഷകരിൽനിന്ന്​ പണം കണ്ടെത്തി രണ്ട് കർഷകരെ പരിപാലനച്ചുമതല ഏൽപിച്ചാണ്​ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്​. --------------------------------------പടങ്ങൾ - honey bee, honey bee 1- മാട്ടറ വനാതിർത്തിയിൽ വാർഡ്​ അംഗം സരുൺ തോമിന്‍റെ നേതൃത്വത്തിൽ 'തേനീച്ചവേലി​' ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.