കെ.പി. ലിജേഷിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ലിജേഷിനെ സംഘടന ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ്​ ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മണ്ഡലം കമ്മിറ്റികൾ രംഗത്ത്. സംഘടനരംഗത്ത് കരുത്തോടെ മുന്നോട്ടുപോകുന്ന നേതാവിനെ വ്യാജ പരാതി നൽകി വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു. സംഘടന പെരുമാറ്റചട്ടത്തിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം ലിജേഷിനെ സസ്പെൻഡ്​​ ചെയ്തത്. കെ.സി. വേണുഗോപാലി​ൻെറ പേരുപറയാതെയാണ് കോൺഗ്രസുകാർ മാത്രമുള്ള നവ മാധ്യമ കൂട്ടായ്മയിൽ ലിജേഷ് വിമർശനമുന്നയിച്ചിരുന്നത്. എന്നാൽ, സംഘടന രംഗത്ത് പ്രവർത്തകരുടെ പിന്തുണയില്ലാത്ത ചിലരുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ അന്യായമായ സസ്പെൻഷൻ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് മണ്ഡലം ഭാരവാഹികൾ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനും അവകാശത്തിനും കൂച്ചുവിലങ്ങിടാൻ ആരെയും അനുവദിക്കില്ല. നേതാക്കളെ സംഘടന ഭാരവാഹിത്വത്തിൽനിന്ന്​ മാറ്റി മൂലക്കിരുത്താമെന്ന് ഗ്രൂപ് ലേബലിൽ മാത്രം സ്ഥാനം ലഭിച്ചവർ വ്യാമോഹിക്കേണ്ടെന്നും പ്രവർത്തകരുടെ മനസ്സിൽ സ്വാധീനമില്ലാത്ത ഇത്തരക്കാരുടെ വ്യാജ പരാതിയെ അർഹിക്കുന്ന അവജ്ഞയോടെ നേതൃത്വം തള്ളിക്കളയണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം ജസ്​റ്റിസൺ ചാണ്ടിക്കൊല്ലി, ജില്ല ഭാരവാഹികളായ ദിലീപ് മാത്യു, ഷാജു കണ്ടമ്പേത്ത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരായ ടി.വി. ബിജു, ഷാജി നന്ദിക്കാട്ട്, മനു ഫ്രാൻസിസ്, വി.എം. നന്ദകിഷോർ, ശ്രീനാഥ് നെല്ലൂർ, പ്രിൻസ് പി. ജോർജ്, കെ.പി. ഫമീദ എന്നിവരാണ് ലിജേഷിന് പിന്തുണയറിയിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.