ഓണപ്പൂക്കളത്തിന് ഇക്കുറി കണ്ണാന്തളിയില്ല

ഓണപ്പൂക്കളത്തിന് ഇക്കുറി കണ്ണാന്തളിയില്ലപടം: കണ്ണാന്തളി പൂച്ചെടി (കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് സമീപത്തുനിന്നും പകർത്തിയ ചിത്രം)രാഘവൻ കടന്നപ്പള്ളികർക്കടകപ്പാതിയോടെ പൂവണിയുന്ന കണ്ണാന്തളി ഇക്കുറി മിക്ക പ്രദേശങ്ങളിലും മുളപൊട്ടിയില്ലപയ്യന്നൂർ: നാടൻ ഓണപ്പൂക്കളത്തിലെ പ്രധാന ഇനമായ കണ്ണാന്തളിപ്പൂക്കൾ വിസ്മൃതിയിലേക്ക്. മഴപെയ്ത് മണ്ണ് കുതിർന്നയുടൻ തളിർത്തുവന്ന് കർക്കടകപ്പാതിയോടെ പൂവണിയുന്ന കണ്ണാന്തളി ഇക്കുറി മിക്ക പ്രദേശങ്ങളിലും മുളപൊട്ടി വളർന്നില്ല. ഇടനാടൻ ചെങ്കൽക്കുന്നുകളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ അതിഥിയായെത്താത്ത കാട്ടുപൂവു കൂടിയാണ് കണ്ണാന്തളി. മഴക്കാലത്ത് മൂന്നു മാസത്തോളം മാത്രമാണ് ചെടിയുടെ ആയുസ്സ്​. ഇതിനിടയിൽ മേലാസകലം പൂവണിഞ്ഞുനിൽക്കുന്ന ഒന്നരയടിവരെ ഉയരം വരുന്ന ചെടി ഏറെ സുന്ദരിയാണ്. മഞ്ഞകലർന്ന വെള്ളയും നീല കലർന്ന വെള്ളയുമായി പൂക്കളുള്ള രണ്ടുതരത്തിൽ ഈ ചെടിയെ കാണാം. നീല കലർന്ന പൂവിനാണ് ഏറെ സൗന്ദര്യം. ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും ഇവ വളരുന്നു. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക സസ്യം കൂടിയാണ് കണ്ണാന്തളി. മുമ്പ് കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്ന ഓഷധസസ്യ വർഗത്തിൽപെട്ട ഒരിനം കൂടിയാണ് കണ്ണാന്തളി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ നാശവും മണ്ണി​ൻെറ ഉർവരത കുറഞ്ഞതുമാണ് ഇവയെ വംശനാശ ഭീഷണിയുടെ വക്കിലെത്തിച്ചത്. പാകമായി വിത്തുകൾ വീഴുന്നതിനുമുമ്പ് പൂവിനായി ചെടി ഉടലോടെ പറിച്ചെടുക്കുന്നതും വിനയായി. ഒപ്പം കാലാവസ്ഥ വ്യതിയാനവും ഇവയുടെ കാലനായി. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ ക്കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും ഇവ വളരുന്നു. ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ടാണ് പണ്ടുകാലംതൊട്ട്​ പൂക്കളത്തിൽ കണ്ണാന്തളി ഉപയോഗിച്ചുവരുന്നത്. Exacum tetragonum ആണ് ശാസ്ത്രീയ നാമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.