വ​ട്ടോളി പാലം കടക്കാൻ കടമ്പകളേറെ

വ​ട്ടോളി പാലം കടക്കാൻ കടമ്പകളേറെ കൂത്തുപറമ്പ്: ഒന്നര വർഷം മുമ്പ്​ നിർമാണം പൂർത്തിയായെങ്കിലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി പാലം. അപ്രോച്ച് റോഡില്ലാത്തതാണ് പാലത്തെ നോക്കുകുത്തിയായി മാറ്റിയിട്ടുള്ളത്. ഏറക്കാലത്തെ മുറവിളിക്കുശേഷമാണ് കണ്ണവം പുഴക്ക് കുറുകെ വട്ടോളിയിൽ പുതിയ പാലം നിർമിച്ചത്. സമീപത്തുള്ള ചെറിയ പാലം അപകടാവസ്ഥയിലായതിനെ തുടർന്നായിരുന്നു ധിറുതിപിടിച്ചുള്ള നിർമാണം. 2018 ഒക്ടോബറിൽ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനായിരുന്നു തറക്കല്ലിട്ടിരുന്നത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഒരു വർഷം കൊണ്ടുതന്നെ റെക്കോഡ് വേഗത്തിൽ പാലത്തിന്‍റെ നിർമാണം ഏതാണ്ട് പൂർത്തിയാവുകയും ചെയ്തിരുന്നു.എന്നാൽ, ഒന്നര വർഷം മുമ്പ്​ നിർമാണം പൂർത്തിയായെങ്കിലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോഴും പാലം. വട്ടോളി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് ഏതാണ്ട് പൂർത്തിയായെങ്കിലും പെരുമ ഭാഗത്തെ 110 മീറ്ററോളം അപ്രോച്ച് റോഡ് ഇനിയും നിർമിക്കാൻ സാധിച്ചിട്ടില്ല. ഒമ്പത്​ മീറ്ററോളം ഉയരത്തിൽ വേണം ഈ ഭാഗത്ത് അപ്രോച്ച് റോഡ് നിർമിക്കാൻ. ഇതിന് ഒരു കോടിയോളം രൂപ വരുമെന്നാണ് അനുമാനം. പാലം രൂപകൽപന ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് വന്ന അപാകതയാണ് അപ്രോച്ച് റോഡിന്‍റെ ഉയരം കൂടാൻ കാരണമായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പാലം തുറക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്ഥലം എം.എൽ.എ കെ.കെ. ശൈലജ പാലം സന്ദർശിച്ചു.റിവേഴ്സ് എസ്​റ്റിമേറ്റിൽ ഉൾപ്പെടുത്തി അപ്രോച്ച് റോഡിന്‍റെ നിർമാണം പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ പറഞ്ഞു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, മറ്റ് ജനപ്രതിനിധികൾ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.