കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്​ പെരുന്നാളാഘോഷിക്കാം

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്​ പെരുന്നാളാഘോഷിക്കാംകണ്ണൂർ: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടത്താന്‍ ജില്ലയിലെ മതസംഘടന ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ബലിപെരുന്നാള്‍ ദിനം പള്ളികളില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ 40 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സര്‍ക്കാര്‍ നിർദേശം. ബലിമാംസത്തിനായി ആളുകള്‍ കൂട്ടംകൂടുന്ന നിലയുണ്ടാവരുത്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മുഴുവന്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും തയാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നിർദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതി​ൻെറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെയും പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ യോഗം അതത് സ്​റ്റേഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്നു. ബലി മാംസം വീടുകളിലെത്തിച്ച് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ബലിദിനങ്ങളും സമയവും ക്രമീകരിച്ചതായും മതസംഘടന പ്രതിനിധികള്‍ അറിയിച്ചു. വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തി മുസല്ലയുമായി പള്ളികളിലേക്ക്​ വരണം. മാനദണ്ഡമനുസരിച്ചുള്ള അകലം ക്രമീകരിച്ചാണ് പ്രാര്‍ഥന നടത്തുക. ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, എ.ഡി.എം കെ.കെ. ദിവാകരന്‍, തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി. മേഴ്‌സി, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അനില്‍ ജോസ്, മതസംഘടന ഭാരവാഹികളായ ഉമ്മര്‍ ഉസ്താദ്, കെ.പി. സലീം, ഡോ.സുല്‍ഫിക്കര്‍, സാജിദ് നദ്​വി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.