ഇനി ഉൾഗ്രാമങ്ങളിലും ഭൂഗർഭ കേബ്​ൾ വഴി വൈദ്യുതി

ശ്രീകണ്ഠപുരം: ഭൂഗർഭ കേബ്​ൾ വഴി വൈദ്യുതി എത്തിക്കുന്ന ആധുനിക രീതി ഉൾഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി തടസ്സവും അപകടവും ഒഴിവാക്കി സുഗമമായ വിതരണമെന്ന ഗുണവും ഇതിനുണ്ട്. ഏരുവേശി പൂപ്പറമ്പിലുള്ള ചെമ്പേരി 110 കെ.വി സബ്‌സ്​റ്റേഷനിൽ നിന്ന്​ ചെമ്പേരിയിലേക്ക് 11 കെ.വി ഭൂഗർഭ കേബ്​ൾ വഴി വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് അസി. എൻജിനീയർ കെ. രഘുത്തമൻ പറഞ്ഞു. കഴിഞ്ഞ ആഗസ്​റ്റ്​ 17 നാണ് സബ്‌സ്​റ്റേഷ​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്. സബ്‌സ്​റ്റേഷനിൽ നിന്നും പുറത്തേക്കുള്ള വൈദ്യുതി വിതരണം ആറ് പുതിയ 11 കെ.വി ഫീഡറുകൾ വഴി നൽകാനാണ് പദ്ധതിയൊരുക്കിയത്. കഴിഞ്ഞ വർഷം വരെ ശ്രീകണ്ഠപുരം സബ്‌സ്​റ്റേഷനിൽ നിന്നുള്ള രണ്ടു ഫീഡറുകളായിരുന്നു ചെമ്പേരി, പയ്യാവൂർ മേഖലയിലേക്ക്‌ വിതരണം നടത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം പയ്യാവൂർ മേഖലയിലേക്ക് ചന്ദനക്കാംപാറ, വണ്ണായിക്കടവ്, പയ്യാവൂർ ടൗൺ എന്നീ ഫീഡറുകളും ചെമ്പേരി മേഖലയിലേക്ക് കുടിയാന്മല, മണ്ഡളം, ചെമ്പേരി ടൗൺ എന്നീ ഫീഡറുകളുമാണുള്ളത്. പയ്യാവൂരേക്കുള്ള ഫീഡറുകൾ നിലവിൽ ചാർജ് ചെയ്ത് കഴിഞ്ഞു. ഇതിനായി സബ്‌സ്​റ്റേഷനിൽ നിന്നും നെല്ലിക്കുറ്റിയിലേക്ക് രണ്ട് യു.ജി കേബ്​ളും പൂപ്പറമ്പിലേക്ക് ഒരു എ.ബി കേബ്​ളും സ്ഥാപിച്ചു. ചെമ്പേരിയിലേക്ക് ചെളിമ്പറമ്പ വഴി മൂന്ന് യു.ജി കേബ്​ൾ ഇടുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി. റോഡരികിലൂടെ മൂന്ന് കിലോമീറ്റർ കുഴിയെടുത്ത് മൂന്ന് കേബ്​ളുകൾ ഇടേണ്ടതിനാൽ പലപ്പോഴും പ്രവൃത്തി തടസ്സപ്പെട്ടു. ചെളിമ്പറമ്പ വളവിൽ കുഴിയെടുക്കാൻ പറ്റാത്തതിനാൽ 200 മീറ്റർ ദൂരം തുരന്നെടുക്കേണ്ടിയും വന്നു. 1.94 കോടി രൂപയാണ് അടങ്കൽ തുക. ആറു ഫീഡറുകളും സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വൈദ്യുതി തടസ്സങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. വോൾ​േട്ടജ് ക്ഷാമവും പഴങ്കഥയാകും. 25 മെഗാവാട്ട് ശേഷിയുള്ള സബ്‌സ്​റ്റേഷൻ പൂർണസജ്ജമായത് ഉയർന്ന ശക്തി ആവശ്യകതയുള്ള വ്യവസായങ്ങൾക്കും ചെറുകിട എം.എസ്.എം.ഇ യൂനിറ്റുകൾക്കും കാഞ്ഞിരകൊല്ലി, പൈതൽമല തുടങ്ങിയ ടൂറിസം മേഖലകൾക്കും ഒരുപോലെ സഹായകരമാകും. ഫീഡറുകൾ ജൂലൈ അഞ്ചിനകം നാടിനു സമർപ്പിക്കുമെന്ന് ശ്രീകണ്ഠപുരം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ അറിയിച്ചു. ---------------------------------------------------------------------- ഭൂഗർഭ കേബ്​ളുകൾ കൂടുതൽ ഇടങ്ങളിലേക്ക് നഗരങ്ങളിൽ മാത്രം സ്ഥാപിച്ചിരുന്ന ഭൂഗർഭ വൈദ്യുതി കേബ്​ളുകൾ ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് പദ്ധതി എക്സി.എൻജിനീയർ ബാബു പ്രജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. 11 കെ.വിയുടെ മൂന്ന് ഫേസ് ലൈനുകളും ഉയർന്ന ഇൻസുലേഷൻ ശേഷിയുള്ള ക്രോസ് ലിങ്ക്ഡ് പോളി എത്തിലീൻ കൊണ്ടുള്ള പുറം കവറിങ്ങിനാൽ സുരക്ഷിതമാക്കിയതാണ്. 1.20 മീറ്റർ ആഴത്തിലാണ് കേബ്​ൾ കുഴിച്ചിടുന്നത്. ഇതിനു മേലെ കോൺക്രീറ്റ് സ്ലാബുകളും സുരക്ഷ ടേപ്പുകളും മുഴുനീളത്തിൽ വിരിക്കും. പൂർണമായും മൂടിയ കുഴിയുടെ മേലെ 100 മീറ്റർ ഇടവിട്ട് കെ.എസ്.ഇ.ബി.എൽ എന്നെഴുതിയ റൂട്ട് മാർക്കറുകളും സ്ഥാപിക്കും. തൂണുകളിൽ സ്ഥാപിക്കുന്ന കമ്പികളെ അപേക്ഷിച്ചു വൈദ്യുതി തടസ്സങ്ങൾ തീരെയുണ്ടാവില്ല എന്നതാണ് ഇതി​ൻെറ മേന്മ. കൂടുതൽ വൈദ്യുതി വഹിക്കാനും പറ്റും. പരിപാലനചെലവും കുറവാണ്. എന്നാൽ, ലൈൻ വലിക്കുന്നതി​ൻെറ ആറു മടങ്ങ് അധികമാണ് പദ്ധതി ചെലവ്. റോഡ് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കൂടുതലാണ്. കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡരികിൽ കുഴിയെടുക്കേണ്ട ആവശ്യമുണ്ടായാൽ അവർ ചെമ്പേരി, പയ്യാവൂർ കെ.എസ്.ഇ.ബി അസി. എൻജിനീയർമാരുമായി ബന്ധപ്പെടണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.