ഓൺലൈൻ പഠനസഹായവുമായി ഉദ്യോഗസ്ഥർ

ഓൺലൈൻ പഠനസഹായവുമായി ഉദ്യോഗസ്ഥർ പയ്യാവൂർ പഞ്ചായത്തിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായം നൽകാൻ 'ഓഫിസേഴ്സ് കെയർ' പദ്ധതിശ്രീകണ്ഠപുരം: ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം നേരിടുന്ന കുട്ടികളെ സഹായിക്കാൻ 'ഓഫിസേഴ്സ് കെയർ' എന്ന പേരിൽ പഠന സഹായ പദ്ധതിയുമായി പയ്യാവൂർ പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർ. പഞ്ചായത്തിലെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് സാമ്പത്തികമായും മാനസികമായും പിന്തുണ നൽകാനുള്ള പദ്ധതിയാണ് ഓഫിസേഴ്സ് കെയർ. അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് അടുത്ത മൂന്നു മാസത്തെ കാലയളവിൽ പദ്ധതി പ്രകാരം മൊബൈൽ ഡാറ്റ സൗജന്യമായി ലഭ്യമാക്കും.തീർത്തും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പഠനാവശ്യത്തിന് ടെലിവിഷനോ സ്മാർട്ട് ഫോണോ നൽകുക, മൊബൈൽ നെറ്റ്​വർക്ക് കുറഞ്ഞ പ്രദേശങ്ങളിൽ പൊതുകെട്ടിടങ്ങൾക്ക് ഫൈബർ കേബിൾ വഴി ഡയറക്ട് വൈഫൈ കണക്​ഷൻ ലഭ്യമാക്കാൻ പഞ്ചായത്തിന് പിന്തുണ നൽകുക, ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊതുഇടങ്ങളിൽ സ്ഥാപിക്കുക, കുട്ടികളുടെ മാനസിക സമ്മർദം കുറക്കുന്നതിന് പരിചയ സമ്പന്നരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുക എന്നിവയും ഓഫിസേഴ്സ് കെയർ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരായ സെക്രട്ടറി, അസി. എൻജിനീയർ, മെഡിക്കൽ ഓഫിസർമാർ, വെറ്ററിനറി സർജൻ, കൃഷി ഓഫിസർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, പ്രഥമാധ്യാപകർ, വി.ഇ.ഒമാർ എന്നിവരുടെ കൂട്ടായ്മയിലാണ് പദ്ധതി നടത്തുന്നത്. ഗുണഭോക്താക്കളായ കുട്ടികളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെയും കുടുംബശ്രീകളുടെയും അധ്യാപകരുടെയും സഹായം തേടും. പദ്ധതി നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് ചെയർമാനും പൈസക്കരി ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. അമ്പിളി മോഹൻ കൺവീനറും ചാമക്കാൽ ഗവ. എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ എം.വി. ഗോവിന്ദൻ കോഒാഡിനേറ്ററുമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ അധ്യാപകരുടെയും ജീവനക്കാരുടെയും സഹായം ഉപയോഗപ്പെടുത്താനാണ് തീരുമാനം. പഞ്ചായത്തിന്‍റെ സേവനങ്ങൾക്ക് പുറമെയാണ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഓൺലൈൻ പഠന സഹായ പദ്ധതി രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.