ഇൗ മുത്തശ്ശിമാവുകൾ ഇനി ഓർമത്തണൽ

ഇൗ മുത്തശ്ശിമാവുകൾ ഇനി ഓർമത്തണൽ PYR Natumavu1, 21 എടാട്ട്​ മുറിച്ചിട്ട മാവ് 2. ഊഴം കാത്തുകിടക്കുന്ന മാവ് എടാട്ട്​ ഭാഗത്തുനിന്ന്​ മാത്രം മുറിച്ചുമാറ്റിയത് 123 നാട്ടുമാവുകൾ പയ്യന്നൂർ: ദേശീയപാതയോരത്ത് പതിറ്റാണ്ടുകളായി മധുരവും തണലും നൽകിയ നാട്ടുമാവുകൾ ഇനി മാമ്പഴ പ്രേമികളുടെ ഓർമത്തണൽ. പാത വികസനത്തി​ൻെറ ഭാഗമായി പയ്യന്നൂർ എടാട്ട്​ ഭാഗത്തുനിന്നുമാത്രം മുറിച്ചു മാറ്റിയത് 123 നാട്ടുമാവുകൾ. ഇല്ലാതാകുന്നത് രുചിവൈവിധ്യം മധുരവും മാംസളമായ ഭാഗങ്ങളും കൊണ്ട് സമ്പന്നമായ ഇളമാങ്ങയും കുഞ്ഞിമംഗലം മാങ്ങയും. ഇളം മധുരവും പുളിയും സമന്വയിക്കുന്ന പുളിയൻ, പൊട്ടിച്ചാൽ ചെന തെറിക്കുന്ന ചെനയൻ, ചകിരി സമാനമായ മാംസമുള്ള ചേരിക്കൊട്ട, ഓർക്കുമ്പോൾ പോലും മധുരം കിനിയുന്ന ചക്കരേൻ, കത്തിക്കു പിടികൊടുക്കാതെ ഒന്നര സൻെറിമീറ്റർ മാത്രം വലുപ്പമുള്ള ഊമ്പിക്കുടിയൻ, കേട്ടാൽ പോലും വായിൽ കപ്പലോടുന്ന പഞ്ചാരമാങ്ങ തുടങ്ങി 50 ഓളം ഇനങ്ങളാണ് ഈ പ്രദേശത്തുമാത്രമുണ്ടായിരുന്നത്. ഇവയെല്ലാം ഇപ്പോൾ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. മുറിക്കുന്നത് ആറായിരം തണൽമരങ്ങൾകണ്ണൂർ, കാസർകോട് ജില്ലകളിൽ ദേശീയപാത വികസിപ്പിക്കുമ്പോൾ ആറായിരത്തോളം മരങ്ങളാണ് മുറിച്ചു മാറ്റേണ്ടതെന്നാണ് ദേശീയപാത വിഭാഗം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതിന് പകരമായി 60,000 മരമെങ്കിലും വെച്ചുപിടിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതു പാലിക്കാതെയാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്.പയ്യന്നൂരിനും തളിപ്പറമ്പിനുമിടയിലാണ് ഏറെ ഫല വൃക്ഷങ്ങളുള്ളത്. ഇതിൽ പ്രാധാന്യം മാവും പ്ലാവും തന്നെ. അതുകൊണ്ടുതന്നെ ഇവ കായ്ക്കുന്ന ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വിരുന്നെത്തുന്ന ആയിരക്കണക്കിന് പക്ഷിമൃഗാദികളുടെ ജീവസന്ധാരണം കൂടിയാണ് ഇല്ലാതാവുന്നത്. പക്ഷികളും ചെറുജീവികളും കൂട്ടത്തോടെ ഈ പ്രദേശങ്ങളിലെത്തി മധുരമാസ്വദിക്കുന്നു. ഒപ്പം നാട്ടുകാരും മാങ്ങ പെറുക്കാൻ മാവിൻ ചുവട്ടിലെത്തുക പതിവാണ്. നൂറു വർഷം വരെ പഴക്കമുള്ള മാവുകൾ ഇവിടെയുണ്ടായിരുന്നു.വിത്ത്​ ശേഖരിച്ച് നന്മയുടെ കൈകൾ നഷ്​ടപ്പെടുന്ന മാവിനങ്ങൾ സംരക്ഷിക്കുന്നതിന് രൂപവത്കരിച്ച നാട്ടുമാവു കൂട്ടായ്മ രണ്ടു വർഷം മുമ്പ് ഇവയുടെ വിത്തുകൾ ശേഖരിച്ച് തൈകൾ ഉൽപാദിപ്പിച്ച് വിവിധ ഭാഗങ്ങളിൽ നട്ടതാണ് ഏക ആശ്വാസം. പിലാത്തറ മുതൽ കാസർകോട് വരെ ദേശീയ പാതയോരത്തുനിന്നും മറ്റിടങ്ങളിൽനിന്നുമുള്ള നാട്ടുമാവുകളിൽനിന്ന്​ വിത്ത് ശേഖരിച്ചിരുന്നു. ശേഖരിച്ച വിത്തുകൾ മുളപ്പിച്ച് തൈകളാക്കി നാട്ടുമാവു കൂട്ടായ്മ പ്രവർത്തകരുടെ പറമ്പുകളിലും പൊതുയിടങ്ങളിലും ​െവച്ചുപിടിപ്പിച്ചിട്ടുണ്ട്.സസ്യശാസ്ത്ര അധ്യാപകനും ഗവേഷകനുമായ ഡോ. രതീഷ് നാരായണൻ, പരിസ്ഥിതി ഗവേഷകൻ ഡോ. ഇ. ഉണ്ണികൃഷ്ണൻ, കോയമ്പത്തൂരിൽ കാർഷിക ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ബിന്ദു ഗൗരി, ജൈവകർഷകരും ജൈവവൈവിധ്യ സംരക്ഷകരുമായ എ.വി. നാരായണൻ, സുരേന്ദ്രൻ വെങ്ങര, പി.പി. രാജൻ എടാട്ട്, എം.കെ. ലക്ഷ്മണൻ എടാട്ട്, സി. വിജയൻ, കെ.പി. വിനോദ്, ഷമ്മി കുഞ്ഞിമംഗലം തുടങ്ങിയവരാണ് കൂട്ടായ്മയിലുള്ളത്. പാതയെത്താതെ തണൽ പറിച്ചുമാറ്റുന്നുപാതക്ക് പാരിസ്ഥിതിക അനുമതി നൽകുമ്പോൾ മുറിക്കുന്നതിന് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വകുപ്പ് നിർദേശം നൽകിയിരുന്നുവെങ്കിലും അധികൃതർ ഇതിനുള്ള ഒരുനടപടിയും തുടങ്ങിയിട്ടില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. ഈ ദൗത്യം കൂടിയാണ് നാട്ടുമാവു കൂട്ടായ്മ ഏറ്റെടുത്തത്. ഇരു ജില്ലകളിലും നഷ്​ടപ്പെടുന്ന മരങ്ങളിൽ നല്ല ശതമാനം നാട്ടുമാവുകളാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾവരെ ഇതിലുണ്ട്. ഇവ നഷ്​ടപ്പെടാതിരിക്കാനാണ് നാട്ടുമാവു കൂട്ടായ്മ രൂപവത്കരിച്ച് വിത്തുശേഖരണം നടത്തിയത്. ചെറിയ കടുക്കാച്ചി മാങ്ങ മുതൽ വലിയ കുഞ്ഞിമംഗലം മാങ്ങവരെ പാതയോരത്തു വിളയുന്നുണ്ട്. ഇവയെല്ലാം വിത്തു കുത്താതെ നിലനിർത്തുകയായിരുന്നു ലക്ഷ്യം. നഷ്​ടപ്പെടുന്ന മരങ്ങളിൽ രണ്ടാം സ്ഥാനം പ്ലാവിനാണ്. ജീവജാലങ്ങൾക്കും മനുഷ്യർക്കും ഉപകാരപ്രദമാവുന്ന മാവ്, പ്ലാവ്, പുളി തുടങ്ങിയ തണൽ മരങ്ങളാണ് മുൻഗാമികൾ പാതയോരത്ത് നട്ടുപിടിപ്പിച്ചിരുന്നത്. നൂറുകണക്കിന് പറവകളുടെയും ചെറുജീവികളുടെയും അന്നദാതാക്കൾ കൂടിയാണ് പാതയോരത്തെ ഫലവൃക്ഷങ്ങൾ. ഇവയാണ് പാത വികസനത്തി​ൻെറ പേരിൽ വാളിനിരയാവുന്നത്. പാതയുടെ ടെൻഡർ നടപടി പോലുമാവാതെയാണ് തണൽമരങ്ങൾ ലേലം ചെയത് വിറ്റത് എന്നതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.