പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രി കെട്ടിടം: പ്രവൃത്തി അവലോകനം

പയ്യന്നൂര്‍: താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട് കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം നടന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് വരുത്തിവെച്ച പ്രതിസന്ധിയില്‍ മാസങ്ങളോളം നിര്‍മാണം നിലച്ചതായി കരാറുകാര്‍ വിശദീകരിച്ചു. കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യവും അവരില്‍നിന്നുണ്ടായി. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതിനാല്‍, കാലാവധി നീട്ടിനല്‍കാനാവില്ല എന്ന നിലപാടാണ് പേഴ്‌സനല്‍ സെക്രട്ടറി അഡ്വ.പി. സന്തോഷ് യോഗത്തെ അറിയിച്ചത്. നഷ്​ടപ്പെട്ട തൊഴില്‍ദിനങ്ങള്‍ മറ്റുമാര്‍ഗങ്ങളിലൂടെ പരിഹരിച്ച് ആഗസ്​റ്റ്​ മാസത്തിനുള്ളിൽ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗം കരാറുകാരോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയാണ് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്. കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവൃത്തികളും കെട്ടിടത്തി​ൻെറ പൈലിങ് പ്രവൃത്തികളും പൂര്‍ത്തീകരിച്ച് അടുത്ത ഘട്ടത്തിലുള്ള നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുപ്പതു വര്‍ഷത്തെ വികസന സാധ്യത മുന്നില്‍ കണ്ട് ഹൈറ്റ്സ് ഏജന്‍സി തയാറാക്കിയ മാസ്​റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.