ഉണ്ണികൃഷ്ണ പെരുവണ്ണാന് ഫോക്​ലോർ അവാർഡ്

തളിപ്പറമ്പ്: തെയ്യംകലയിൽ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച ഉണ്ണികൃഷ്ണ പെരുവണ്ണാന് 2019ലെ ഫോക്​ലോർ അവാർഡ് ലഭിച്ചു. സ്വന്തമായി നിർമിച്ച അണിയലങ്ങൾ കൊണ്ടുമാത്രം തെയ്യം കെട്ടുന്ന അപൂർവം തെയ്യംകലാകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. തെയ്യത്തിലെ മറ്റുമേഖലയായ മുഖത്തെഴുത്, കുരുത്തോലപ്പണി, അണിയല നിർമാണം തുടങ്ങിയവയിൽ നിറഞ്ഞാടുന്ന ഇദ്ദേഹം തോറ്റം പാട്ടുകളെല്ലാം ബാല്യത്തിലെ ഹൃദിസ്ഥമാക്കിയിരുന്നു. പിതാവ് തെയ്യം കലാകാരനും ഫോക്​ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ അന്തരിച്ച പുതുക്കിൽ കുഞ്ഞിരാമ പെരുവണ്ണാ​ൻെറ വഴിയേ ചെറുപ്പംതൊട്ട്​ തെയ്യാട്ട മേഖലയിലേക്ക് പ്രവേശിച്ചു. 13ാം വയസ്സിൽ ഇടക്കേപ്പുറം മഠത്തുംപടി മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ കരിവേടൻ തെയ്യം കെട്ടിയാണ് അരങ്ങത്തുവന്നത്. 21ാം വയസ്സിൽ ചിറക്കൽ തമ്പുരാനിൽ നിന്നും പട്ടും വളയും പെരുവണ്ണാൻ ആചാരവും സ്വീകരിച്ചു. വണ്ണാൻ സമുദായത്തിലെ ഒട്ടുമിക്ക തെയ്യങ്ങളും ഇതിനകം കെട്ടിയാടിയിട്ടുണ്ട്. മുച്ചിലോട്ട്​ ഭഗവതി, തിരുവപ്പന, മുത്തപ്പൻ, അന്തിത്തിറ, ബാലി, തെക്കൻ കരിയാത്തൻ, പൂമാരുതൻ, വയനാട്ടുകുലവൻ, പുതിയ ഭഗവതി, തോട്ടുങ്കര ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, പുലിയൂർകാളി, പുലിയൂർകണ്ണൻ, കനകത്തൂർ ദൈവത്താർ, കണ്ണങ്കാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പൊയ്യിൽ ഭഗവതി, ചൂളിയാർ ഭഗവതി, തായ്പരദേവത, വീരൻ, വീരാളി, ഭദ്രകാളി, ബപ്പിരിയൻ, കന്നിക്കൊരുമകൻ, കുടിവീരൻ, നാഗകന്നി, എന്നിവ ചിലതുമാത്രം. കണ്ണൂർ, കാസർകോട്​, മലപ്പുറം ജില്ലകളിലായി 50ഒാളം ക്ഷേത്രങ്ങളിൽ തെയ്യം കെട്ടിയാടുന്ന ഇദ്ദേഹം, ഈ ജില്ലകളിലെ ​െറയിൽവേ ഉൾപ്പെടെ നിരവധി മുത്തപ്പൻ മടപ്പുരകളിലേക്ക് തിരുവപ്പനയുടെ തിരുമുടി നിർമിച്ച് നൽകിയിട്ടുണ്ട്. കൂടാതെ പത്തടിയോളം വലുപ്പത്തിലുള്ള ഒട്ടനവധി തെയ്യങ്ങളുടെ ശിൽപങ്ങളും തനതായ അണിയലങ്ങളൊരുക്കി നിർമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.