നടുവിലിൽ പ്രസിഡൻറ്​ സ്ഥാനത്തിനായി തർക്കം

നടുവിൽ: പ്രസിഡൻറ്​ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തീരാത്തതിനെ തുടർന്ന് നടുവിൽ പഞ്ചായത്തിൽ ലഭിച്ച ഭരണം നഷ്​ടപ്പെടുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം. കോൺഗ്രസ് പാർലമൻെററി പാർട്ടി യോഗം ചേർന്ന് പൊട്ടൻപ്ലാവ് വാർഡിൽ നിന്ന്​ വിജയിച്ച കോൺഗ്രസ് ഐ ഗ്രൂപ്പിലെ അലക്സ് ചുനയംമാക്കലിനെ പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, ഇതിനെ അംഗീകരിക്കില്ലെന്ന് കാണിച്ച് ഐ ഗ്രൂപ്പിലെ തന്നെ ബേബി ഓടംപള്ളിയുടെ നേതൃത്വത്തിൽ ഉള്ള മൂന്നംഗങ്ങൾ രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം. തന്നെ ഒതുക്കാൻ എ ഗ്രൂപ്പ് അലക്സിനെ ചാക്കിലാക്കി എന്നാണ് ബേബിയുടെ ആക്ഷേപം. ഇരു ഗ്രൂപ്പുകൾക്കും നാലുവീതം അംഗങ്ങൾ ആണുള്ളത്. അലക്സിന് അഞ്ചുവോട്ടും ബേബിക്ക് മുന്നുവോട്ടുമാണ് ലഭിച്ചത്. ഇടതുമുന്നണി ഭരിച്ചാലും ബേബിയെ പ്രസിഡൻറ്​ ആക്കില്ലെന്ന നിലപാടിൽ എ ഗ്രൂപ്പും അലക്സിനെ പ്രസിഡൻറ്​ ആക്കില്ലെന്ന നിലപാടിൽ ബേബിയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും ഉറച്ചുനിൽക്കുന്നതുമൂലം ഭരണം നഷ്​ടമാകുമോ എന്ന് ആശങ്ക ലീഗിനെയും കുഴക്കുന്നു. ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന്​ 11 സീറ്റാണ് ലഭിച്ചത്. കോൺഗ്രസ് എട്ട്​, ലീഗ് മുന്ന്​, സി.പി.എം ഏഴ്​, കോൺഗ്രസ് വിമത ഒന്ന്​ എന്നിങ്ങനെയാണ് കക്ഷിനില. ഇന്ന് നടക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ബേബിയുടെ നേതൃത്വത്തിലുള്ള മൂന്ന്​ അംഗങ്ങൾ വിട്ടുനിൽക്കുകയോ, എൽ.ഡി.എഫ് പിന്തുണ സ്വീകരിക്കുകയോ ചെയ്താൽ ഭരണമാറ്റത്തിന് കളമൊരുങ്ങും. മൂന്ന്​ അംഗങ്ങൾ വിട്ടുനിന്നാൽ യു.ഡി.എഫിലെ അംഗസംഖ്യ എട്ടായി മാറും. കോൺഗ്രസ് വിമത ഇടതുമുന്നണിക്ക് ഒപ്പം നിന്നാൽ എൽ.ഡി.എഫിനും എട്ടാവും. ഇങ്ങനെ വന്നാൽ ഭൂരിപക്ഷം ലഭിച്ചിട്ടും നറുക്കെടുപ്പ് ഉൾപ്പെടെയുള്ള ഭാഗ്യപരീക്ഷണങ്ങളിൽ പോകേണ്ട സ്ഥിതിയിലേക്ക് യു.ഡി.എഫ് എത്തും. പ്രശ്നപരിഹാരത്തിനായി കെ.സി. ജോസഫ് എം.എൽ.എയും കെ. സുധാകരൻ എം.പിയും മുൻകൈയെടുത്ത്‌ ചൊവ്വാഴ്ച രാത്രിയും കണ്ണൂരിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.