ലളിതക്ക് ഇന്ന് ശുഭമുഹൂർത്തം; ചെയർപേഴ്സൻ പദവിക്കും മകളുടെ മംഗല്യത്തിനും

പയ്യന്നൂർ: വീട്ടിൽ വിവാഹ ആഘോഷങ്ങൾ നടക്കുമ്പോൾ വധുവി​ൻെറ അമ്മ നാടി​ൻെറ ഭരണചക്രം തിരിക്കുന്നതിനുള്ള സുപ്രധാന നിയോഗമേറ്റുവാങ്ങാനുള്ള തിരക്കിലായിരിക്കും. പയ്യന്നൂർ നഗരസഭ കാര്യാലയവും കോറോം മുത്തത്തിയിലെ 'ഗോപാലയ'വുമായിരിക്കും തിങ്കളാഴ്ച ഈ അപൂർവതക്ക് സാക്ഷ്യം വഹിക്കുക. ഗോപാലയത്തിലെ വീട്ടമ്മയായ കെ.വി. ലളിതക്കാണ് നാടി​ൻെറ മാതാവാകാൻ നിയോഗം. മകൾ ഹർഷയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചതാണ്. ഇതിനിടയിലാണ് സി.പി.എം നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.വി. ലളിതയോട് നിർദേശിക്കുന്നത്. പയ്യന്നൂർ നഗരത്തി​ൻെറ ചെയർപേഴ്സൻ പദവി ഏറ്റെടുക്കാനുള്ള നിയോഗംകൂടി പാർട്ടി ലളിതക്ക് നൽകി. വിവാഹ തീയതിയും കോർപറേഷൻ, നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പും യാദൃശ്ചികമായാണ് ഒരു ദിവസം വന്നുചേർന്നത്. സംസ്ഥാനത്താകെ നടക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവില്ല. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ നിശ്ചയിച്ച വിവാഹം ആ ദിവസംതന്നെ നടക്കട്ടെയെന്നു തീരുമാനിച്ചു. രാവിലെ 11നാണ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ്. വിവാഹ സമയം 11 മുതൽ 12.30 വരെയും. തെരഞ്ഞെടുപ്പു കഴിഞ്ഞ് വീട്ടിലെത്തി 12 മണിക്കുശേഷം താലികെട്ടു നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ലളിത 'മാധ്യമ'ത്തോടു പറഞ്ഞു. പയ്യന്നൂർ സഹകരണ റൂറൽ ബാങ്ക് പെരുമ്പ ശാഖയുടെ മാനേജറായ കെ.വി. ലളിത ഇത് രണ്ടാമത്തെ തവണയാണ് പയ്യന്നൂർ നഗരസഭയുടെ മേധാവിയാവുന്നത്. 2010 മുതൽ 2015 വരെ ചെയർപേഴ്സനായിരുന്നു. ഇക്കുറി വീണ്ടും ചെയർപേഴ്സൻ പദവി വനിത സംവരണമായപ്പോൾ പാർട്ടി വീണ്ടും ലളിതയെതന്നെ പദവിയേൽപിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ പരിചയസമ്പന്നതയും ക്ലീൻ ഇമേജുമാണ് വീണ്ടും പദവി നൽകാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ബാങ്കിൽനിന്ന് അഞ്ചു വർഷം അവധിയെടുത്താണ് നഗരസഭയെ നയിക്കുന്നത്. സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗമായ ലളിത ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ്. പേരൂൽ യു.പി സ്കൂൾ കായികാധ്യാപകനായ എം. ബാലകൃഷ്ണൻ മാസ്​റ്ററാണ് ഭർത്താവ്. മകൾ ഹർഷ ഗവ. ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്​റ്റാണ്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ രാഘവൻ-സുമ ദമ്പതികളുടെ മകൻ രാകേഷാണ് വരൻ. ബാലകൃഷ്ണൻ മാസ്​റ്റർ-ലളിത ദമ്പതികളുടെ രണ്ടാമത്തെ മകൾ ദൃശ്യ ഷിമോഗയിൽ മൂന്നാംവർഷ ബി.ഡി.എസ് വിദ്യാർഥിയാണ്. രാഘവൻ കടന്നപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.