ദേശീയപാതയിലെ യാത്രാക്ലേശം: പാസഞ്ചർ ടെയിനുകൾക്കായി സമ്മർദം

തലശ്ശേരി: ദേശീയപാതയിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ തലശ്ശേരി, കണ്ണൂർ റൂട്ടിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കാൻ പാസഞ്ചർ ട്രെയിനുകൾക്കായി സമ്മർദം. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചാൽ നിലവിലെ ദുരിത പൂർണമായ റോഡ് യാത്രക്ക് പരിഹാരം ഉണ്ടാവുമെന്നും ഇതിനായി അടിയന്തരമായി ഇടപെടണമെന്നും അപേക്ഷിച്ച് തലശ്ശേരിയിലെ ട്രൂത്ത് സംഘടന തലശ്ശേരി ആർ.ഡി.ഒവിന് നിവേദനം നൽകി. കോൾഡ് മില്ലിങ് സംവിധാനത്തിൽ ടാറിങ് പ്രവൃത്തി തുടങ്ങിയതോടെ കഴിഞ്ഞ 18 മുതൽ കൊടുവള്ളിയിൽ നിന്നും ധർമടം വഴി കണ്ണൂരിലേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൊടുവള്ളിയിൽ നിന്നും പിണറായി, മമ്പറം, കാടാച്ചിറ, ചാല വഴിയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. അരമണിക്കൂറിൽ ഓടിയെത്താവുന്ന ദൂരം താണ്ടാൻ ഇപ്പോൾ രണ്ട് മണിക്കൂറോളം വേണ്ടിവരുന്നു. ഇന്ധന നഷ്​ടവും സമയ പ്രശ്നങ്ങളും സഹിക്കേണ്ടി വരുന്നതിനാൽ ലോക്കൽ ബസുകൾ മിക്കതും ഓട്ടം നിർത്തി റോഡിൽ നിന്നും പിൻവാങ്ങി. ഓടുന്ന ദീർഘദൂര ബസുകളിൽ ഇപ്പോൾ നല്ല തിരക്കാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുമില്ല. മഹാമാരിയുടെ വ്യാപനം തടയാനും പൊതുജനത്തിന് സുഖയാത്രക്കുമായി പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചുകിട്ടാൻ പ്രാദേശിക ഭരണകൂടം എത്രയും പെട്ടെന്ന് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് ദ ട്രൂത്ത് ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് ധർമടത്ത് പാലം തകരാറിലായപ്പോൾ ഇത്തരം ബദൽ സംവിധാനം ഏർപ്പെടുത്തിയതും അത് ജനങ്ങൾക്ക് ഉപകരിച്ചതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.