മുസ്​ലിം ലീഗിലെ സീറ്റ് ചോർച്ച: തലശ്ശേരിയിൽ നേതാക്കൾക്കെതിരെ ആരോപണമുയരുന്നു

തലശ്ശേരി: തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗിന് സിറ്റിങ് സീറ്റുകൾ നഷ്​ടമായത് ചൊവ്വാഴ്​ച നടക്കുന്ന ലീഗ് ജില്ല കമ്മിറ്റി യോഗത്തിൽ ചൂടേറിയ ചർച്ചയാകും. ലീഗിൻെറ ഉത്തരവാദപ്പെട്ട രണ്ട് ഭാരവാഹികളുള്ള മണ്ഡലമാണ് തലശ്ശേരി. നേതാക്കളുടെ ജാഗ്രതക്കുറവും പ്രചാരണ രംഗത്തുണ്ടായ വീഴ്​ചയുമാണ് പ്രസ്​റ്റീജ് സീറ്റുകൾ ലീഗിന് നഷ്​ടപ്പെടാൻ വഴിയൊരുക്കിയതെന്ന ആക്ഷേപമാണ് അണികൾ പ്രധാനമായും ഉന്നയിക്കുന്നത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലും സംസ്ഥാന സർക്കാറിനെതിരെയുള്ള വികാരം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിലും പാളിച്ചകളുണ്ടായി. ജയസാധ്യതയുള്ളവരെ പരിഗണിക്കാതെ നേതാക്കളുടെ ഇഷ്​ടത്തിനനുസരിച്ചുള്ളവരെ മത്സരത്തിനിറക്കിയതാണ് കൈയിലുള്ള സീറ്റുകൾ പോലും നഷ്​ടപ്പെടുത്തിയതെന്നാണ് പ്രവർത്തകർക്കിടയിലുള്ള അടക്കംപറച്ചിൽ. നഗരസഭയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം പ്രതിപക്ഷ സ്ഥാനം അലങ്കരിച്ച യു.ഡി.എഫ് ഇതാദ്യമായാണ് പ്രതിപക്ഷത്ത് ഇത്തവണ രണ്ടാം നിരയിലാവുന്നത്. യു.ഡി.എഫിനേക്കാൾ ഒരു സീറ്റ് കൂടുതൽ നേടിയ ബി.ജെ.പിയാണ് ഇത്തവണ പ്രതിപക്ഷത്ത് ഒന്നാമത്. കഴിഞ്ഞ കൗൺസിലിൽ ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളായിരുന്നു. ഇത്തവണ മൂന്ന് സീറ്റ് ബി.െജ.പിക്ക് കൂടിയപ്പോൾ 12ൽ നിന്ന് യു.ഡി.എഫി‍ൻെറ അംഗബലം ഏഴായി കുറയുകയായിരുന്നു. 2010-15 കാലയളവിലെ കൗൺസിലിൽ മുസ്​ലിം ലീഗിന് എട്ടും കോൺഗ്രസിന് ആറും അംഗങ്ങളുണ്ടായിരുന്നു. മുസ്​ലിം ലീഗിനാണ് ഇത്തവണ കനത്ത പരാജയം നേരിട്ടത്. പ്രസ്​റ്റീജ് സീറ്റുകളെല്ലാം ഇത്തവണ ലീഗിന് നഷ്​ടമായി. മാരിയമ്മ, സൈദാർപളളി, കൈവട്ടം, ചേറ്റംകുന്ന്, വീവേഴ്​സ്, ടെമ്പിൾ വാർഡുകളെല്ലാം മുസ്​ലിം ലീഗിന് സ്വാധീനമുള്ളവയായിരുന്നു. ഇവയിൽ ചേറ്റംകുന്ന്, ടെമ്പിൾ വാർഡുകൾ ബി.ജെ.പി കൈക്കലാക്കിയപ്പോൾ മറ്റുള്ള വാർഡുകൾ സി.പി.എമ്മും പിടിച്ചടക്കി. തലശ്ശേരിയിൽ ഇതാദ്യമായാണ് ലീഗിന് കനത്ത തോൽവിയുണ്ടായത്. പരിചയസമ്പത്തുള്ളവർ മത്സരിച്ച കണ്ണോത്ത്പള്ളി, കോടതി, മട്ടാമ്പ്രം വാർഡുകളും നേരത്തെ കൈയിലുണ്ടായിരുന്ന ടൗൺഹാൾ വാർഡും ലീഗിന് നിലനിർത്താനായി. എൻ.സി.പി സ്ഥാനാർഥിയെ തോൽപിച്ചാണ് ടൗൺഹാൾ വാർഡ് ലീഗ് തിരിച്ചുപിടിച്ചത്. വിമതയായി രംഗത്തിറങ്ങിയ പി.പി. സാജിതയാണ് ചേറ്റംകുന്ന് വാർഡിൽ ലീഗിന് പ്രഹരമായത്. ഇവിടെ ബി.ജെ.പിയിലെ ജോതിഷ് സാജിതയേക്കാൾ 93 വോട്ടിന് ജയിച്ചുകയറിയപ്പോൾ ലീഗ് സ്ഥാനാർഥി കെ.പി. ജംഷീർ മഹമൂദ് സാജിതയേക്കാൾ 11 വോട്ടിന് പിന്നിലായി. കോൺഗ്രസിനും നില മെച്ചപ്പെടുത്താൻ ഇത്തവണ സാധിച്ചില്ല. അവർ കഴിഞ്ഞ തവണത്തെപ്പോലെ മൂന്ന് സീറ്റി ലൊതുങ്ങി. ബാലത്തിൽ വാർഡിൽ 104 വോട്ടി‍ൻെറ ഭൂരിപക്ഷത്തിൽ കോൺഗ്രസ് രണ്ടാം തവണയും ജയം ഉറപ്പാക്കിയപ്പോൾ നിലവിലുള്ള മഞ്ഞോടി, കൊടുവള്ളി വാർഡുകൾ കോൺഗ്രസിന് നഷ്​ടമായി. എന്നാൽ, സി.പി.എമ്മിൽനിന്ന് കുന്നോത്ത് വാർഡും ബി.ജെ.പിയിൽനിന്ന് കുയ്യാലി വാർഡും പിടിച്ചെടുത്തത് കോൺഗ്രസിന് രക്ഷയായി. ബി.ജെ.പിയിലെ എം.പി. സുമേഷിനെ 42 വോട്ടിനാണ് കുയ്യാലി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സി. പ്രശാന്തൻ തോൽപിച്ചത്. ബി.െജ.പി ജയം പ്രതീക്ഷിച്ച വാർഡുകളിലൊന്നായിരുന്നു ഇത്. കുന്നോത്ത് വാർഡിൽ സി.പി.എമ്മിലെ ആലയാടൻ രാേജഷിനെ 93 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എൻ. മോഹനൻ പരാജയപ്പെടുത്തിയത്. കുത്തക വാർഡുകളിൽ ചിലത് നഷ്​ടപ്പെ​െട്ടങ്കിലും സീറ്റ് കൂടിയത് സി.പി.എമ്മിന് ആശ്വസിക്കാൻ വകയായി. തലായി വാർഡ് സി.പി.എമ്മിൽനിന്ന് ബി.ജെ.പി തന്ത്രപൂർവം കൈക്കലാക്കി. കഴിഞ്ഞ തവണ വൈസ് ചെയർമാൻ നജ്​മഹാഷിം ജയിച്ചുകയറിയ കോടതി വാർഡ് ഇത്തവണ മുസ്​ലിം ലീഗിലെ ടി.പി. ഷാനവാസ് തിരിച്ചുപിടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.