പ്രധാനമന്ത്രി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു -കെ.കെ.​ ര​ാേഗഷ്​ എം.പി

കണ്ണൂർ: പ്രധാനമന്ത്രി തുടർച്ചയായി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്​ കെ.കെ. രാഗേഷ്​ എം.പി ആരോപിച്ചു. ജയ്പൂർ-ഡൽഹി നാഷനൽ ഹൈവേയിൽ ഷാജഹാൻപൂരിലെ സമരകേന്ദ്രത്തിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. താങ്ങുവില ഉറപ്പ് വരുത്തുമെന്ന് പറയുന്ന പ്രധാനമന്ത്രി അതെങ്ങനെയാണ് ചെയ്യുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്ന എഫ്.സി.ഐയുടെ ചുമതല അദാനിയെയും അംബാനിയെയും ഏൽപിക്കുന്നതിലൂടെ എങ്ങനെയാണ് കർഷകർക്ക് താങ്ങുവില ഉറപ്പാക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഇപ്പോൾ കൊണ്ടുവന്ന നിയമങ്ങൾ എഫ്.സി.ഐയെ തകർക്കാനും മണ്ടി സമിതിയെ ഇല്ലാതാക്കാനും കോർപറേറ്റുകൾക്ക് യഥേഷ്​ടം കൃഷിക്കാരെ ചൂഷണം ചെയ്യാനുമുള്ളതാണ്. കർഷക സമരം അടിച്ചമർത്താനാവില്ല എന്ന് ബോധ്യമായപ്പോൾ കേന്ദ്ര സർക്കാർ വ്യാജ പ്രചാരണം അഴിച്ചുവിടുന്നതിനാണ് ശ്രമിച്ചത്. തുടക്കത്തിൽ ഖലിസ്ഥാൻ വാദികളുടെയും തീവ്രവാദികളുടെയും സമരമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. പിന്നീട് മാവോവാദികളുടെയും ഇടതുപക്ഷത്തി​ൻെറയും രാഷ്​ട്രീയ സമരമാണെന്ന് ആക്ഷേപിച്ചു. ഇടനിലക്കാരുടെ സമരം എന്നും മറ്റും ആക്ഷേപിച്ചവർ കർഷക സമരം ശക്തിയാർജിക്കുമ്പോൾ കർഷകരെ ബോധ്യപ്പെടുത്താനെന്ന മട്ടിൽ നുണ പ്രചാരണം നടത്തുകയാണ്. അദാനിയുടെയും അംബാനിയുടെയും ദാസ്യപ്പണി അവസാനിപ്പിച്ച് കർഷക സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.