തളിപ്പറമ്പ് നഗരസഭ: കാക്കാഞ്ചാൽ വാർഡിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പരാതി നൽകി

തളിപ്പറമ്പ്: നഗരസഭയിലെ കാക്കാഞ്ചാൽ വാർഡിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല വരണാധികാരിക്ക് പരാതി നൽകി. 2015ലെ വാർഡ് അതിർത്തി നിലനിർത്തിവേണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന തെരഞ്ഞെടുപ്പ് കമീഷ​ൻെറ ഉത്തരവ് നഗരസഭ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാർഥി അട്ടിമറിച്ചുവെന്നും സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി വേണമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തളിപ്പറമ്പിൽ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. തളിപ്പറമ്പ് കാക്കാഞ്ചാൽ വാർഡിൽനിന്ന്​ യു.ഡി.എഫ് സ്ഥാനാർഥി കെ. നബീസ ബീവി വിജയിച്ചത് അതിർത്തി നിർണയം അട്ടിമറിച്ച് നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.പി. റഫീഖ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷ​ൻെറ ഉത്തരവ് കാക്കാഞ്ചാൽ വാർഡിൽ കൗൺസിലറും നിലവിലെ വിജയിയുമായ കെ. നബീസ ബീവി ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ വാർഡി​ൻെറ വടക്കുഭാഗം വെള്ളച്ചാലായിരുന്നു. എന്നാൽ, നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നബീസ ബീവി 20ാം വാർഡായ നേതാജിയിലെ 15ഓളം വീടുകൾ കാക്കാഞ്ചാൽ വാർഡിൽ ഉൾപ്പെടുത്തി. അതിർത്തി പുനർനിർണയിച്ചു പുതിയ വീട്ടുനമ്പർ പതിച്ചു നൽകി. സംഭവത്തിൽ കഴിഞ്ഞതവണത്തെ കൗൺസിലർ കൂടിയായ നബീസ ബീവിയും ഒത്താശ ചെയ്ത തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാരാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും എം.പി. റഫീഖ് ആവശ്യപ്പെട്ടു. 21ാം വാർഡിലെ തുരുത്തിയിൽ അഞ്ച് വർഷത്തിലധികമായി താമസിക്കുന്ന രണ്ടുപേരെയും മറ്റു വാർഡുകളിൽനിന്നുള്ള 29 പേരെയും അനധികൃതമായി കാക്കാഞ്ചാലിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതായും റഫീഖ് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.