ഇരിട്ടിയിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജ്​

ആറുപേർ അറസ്​റ്റിൽ; 100 പേർക്കെതിരെ കേസ് ഇരിട്ടി: പോളിങ്ങിനുശേഷം തിങ്കളാഴ്ച രാത്രി വട്ട്യറയിലുണ്ടായ സി.പി.എം -ബി.ജെ.പി സംഘർഷത്തിൽ പരിക്കേറ്റ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കാനെത്തിയ ഇരുവിഭാഗം പ്രവർത്തകർ ആശുപത്രി പരിസരത്ത് സംഘടിച്ചതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിനിടയിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ആശുപത്രി പരിസരത്ത് നിർത്തിയിട്ട വാഹനത്തിന് കേടുപറ്റുകയും ചെയ്തു. രാത്രി 11 ഓടെയാണ് ആശുപത്രി പരിസരത്ത് സംഘർഷം ഉടലെടുത്തത്. ആശുപത്രി പരിസരത്ത് കൂടിനിന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും പിന്മാറാഞ്ഞതിനെ തുടർന്നാണ് ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐമാരായ ദിനേശൻ കൊതേരി, എൻ.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചത്. ഇതിനിടയിലാണ് പൊലീസുകാരന് പരിക്കേൽക്കുകയും വാഹനത്തിന് കേടുപറ്റുകയും ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ആറ് സി.പി.എം പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം വരുന്ന സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. സി.പി.എം പ്രവർത്തകരായ വിപിൻ, ഷിനോജ്, സുബിൻ, ഷഹിൽ, ലിനേഷ്, ജിതിൻ എന്നിവരാണ് അറസ്​റ്റിലായത്​. പോളിങ്ങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും അഞ്ച് സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ ഇരുവിഭാഗത്തിലും ഏഴുപേർ വീതം 14 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി പരിസരത്തും സംഘർഷമ​ുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.