ആഹ്ലാദ അതിരുവിടാതിരിക്കാൻ പൊലീസ് ഒരുങ്ങി

ഇരിട്ടി: വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനം അക്രമരഹിതമാക്കുന്നതിന്​ തെരഞ്ഞെടുപ്പ് ദിവസത്തേതിനു തുല്യമായ സുരക്ഷ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കുന്നു. വോട്ടെണ്ണൽ ദിവസം ബൈക്ക് റാലിയും തുറന്ന വാഹനത്തിലുള്ള പ്രകടനവും പാടില്ല. സ്ഥാനാർഥിയുടെയോ ബൂത്ത് ഏജൻറി​ൻെറയോ വീടിന് മുന്നിൽ പ്രകടനം നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചു. ലോക്കൽ പൊലീസിന് പുറമെ തണ്ടർബോൾട്ട്, ക്യാറ്റ്‌സ്, എ.എൻ.എഫ്, ദ്രുതകർമ സേന എന്നിവയടക്കം 750 സേനാംഗങ്ങൾ സുരക്ഷ ചുമതലയിൽ ഉണ്ടാവും. വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയ കനത്ത സുരക്ഷ ക്രമീകരണങ്ങൾ പ്രയോജനം ചെയ്തുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇരിട്ടി സബ് ഡിവിഷനിൽ മട്ടന്നൂർ, ചാവശ്ശേരി, നായാട്ടുപാറ, തുണ്ടിയിൽ സ്‌കൂളുകളിലാണ് വോട്ടെണ്ണൽ. വരണാധികാരി അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കൗണ്ടിങ് സ്‌റ്റേഷനിൽ പ്രവേശിപ്പിക്കില്ല. പ്രവേശന കവാടത്തിൽ കൂട്ടംകൂടി നിൽക്കാൻ സമ്മതിക്കില്ല. സായുധ സേനാംഗങ്ങൾ അടങ്ങുന്ന പൊലീസ് സ്​ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളും കവാടത്തിൽ നിലയുറപ്പിക്കും. വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്‌കൂൾ വളപ്പിനുള്ളിൽ മുദ്രാവാക്യം വിളിയോ മറ്റു പ്രകടനങ്ങളോ പാടില്ല. ഫലം മൈക്കിലൂടെ തന്നെ അധികൃതർ വിളിച്ചുപറയും. കൗണ്ടിങ് സ്​റ്റേഷന് തടസ്സമുണ്ടാകാത്ത വിധം കുറച്ചുമാറി രാഷ്​ട്രീയ പാർട്ടി പ്രവർത്തകർക്ക് ഒത്തുചേർന്ന് ആഹ്ലാദം പ്രകടിപ്പിക്കാൻ പൊലീസ് സ്ഥലം നിശ്ചയിച്ചു നൽകും. 100 മീറ്റർ വ്യത്യാസമെങ്കിലും ഈ സ്ഥലങ്ങൾക്കിടയിൽ ഉണ്ടാവണം. ഇത്തരം ക്യാമ്പുകൾക്കിടയിൽ ടിയർ ഗ്യാസ്, ഗ്രനേഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി പൊലീസ് കാവലുമുണ്ടാവും. ക്യാമ്പുകളിൽ നേതാക്കൾ ഉണ്ടാവണം. പ്രകടനങ്ങൾ പൊലീസ് നിർദേശം സ്വീകരിച്ച് വ്യത്യസ്ത ദിശയിലേക്കായിരിക്കണം. നാട്ടിൻപുറത്ത് ഉൾപ്പെടെ ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് അഞ്ചിന് ശേഷം പാടില്ല. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്​ 20 പ്രശ്‌ന സാധ്യത മേഖലകൾ കരുതിയാണ് സുരക്ഷ ക്രമീകരണം. 100 കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്​റ്റ്​ ഏർപ്പെടുത്തി. 25 മൊബൈൽ സംഘങ്ങളും റോന്തു ചുറ്റും. 21 അംഗങ്ങൾ വീതമുള്ള നാല്​ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളും അക്രമം ഉണ്ടായാൽ അടിച്ചമർത്താൻ ഇടപെടുന്നതിനായി സജ്ജമായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മട്ടന്നൂരിൽ സി.ഐ ശിവൻ ചോടോത്തും ചാവശ്ശേരിയിൽ സി.ഐ എം. കൃഷ്ണനും തുണ്ടിയിൽ സി.ഐ പി.ബി. സജീവും നായാട്ടുപാറയിൽ സി.ഐ ശിവശങ്കരനും സുരക്ഷക്ക് നേതൃത്വം നൽകും. ഡിവൈ.എസ്​.പി സജേഷ് വാഴവളപ്പിൽ സബ് ഡിവിഷനിലെ സുരക്ഷ സംവിധാനങ്ങൾ നിയന്ത്രിക്കും. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയും കൗണ്ടിങ് സ്​റ്റേഷനുകൾ സന്ദർശിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുന്നവരെയോ മടങ്ങുന്നവരെയോ തടഞ്ഞുവെക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.