കാർഷിക മേഖലയിലെ പ്രശ്​നങ്ങൾ: ബിഷപ്പുമാർ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി

തലശ്ശേരി: കാർഷിക മേഖലയിലെ വിവിധ പ്രശ്​നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കസ്തൂരിരംഗൻ റിപ്പോർട്ടിലെ കരട് വിജ്ഞാപനത്തിലുള്ള അപാകതകൾ പരിഹരിക്കുക, കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള 23 വന്യജീവി സങ്കേതങ്ങൾക്ക്‌ ചുറ്റുമുള്ള ബഫർസോൺ റിസർവ് വനത്തി‍ൻെറ അതിർത്തിക്കുള്ളിൽ ഒതുക്കിനിർത്തുക, കൃഷിഭൂമികളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലബാറിലെ ഒമ്പത് ബിഷപ്പുമാരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ബിഷപ്പുമാർ ഉന്നയിച്ച ആശങ്കകൾ എല്ലാം സർക്കാർ ഗൗരവത്തോടെ കാണുമെന്നും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കസ്തൂരിരംഗൻ വിഷയത്തിലും ബഫർ സോൺ വിഷയത്തിലും കർഷകർക്ക് അനുകൂലമായ ശിപാർശകൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വന്യമൃഗശല്യം തടയാനുള്ള മാർഗങ്ങൾ കൂട്ടായി ആലോചിക്കും. പെരുകുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുവാദം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് (തലശ്ശേരി അതിരൂപത), ബിഷപ് ജേക്കബ് മനത്തോട് (പാലക്കാട് രൂപത), ബിഷപ് വർഗീസ് ചക്കാലക്കൽ (കോഴിക്കോട് രൂപത), ബിഷപ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപത), ബിഷപ് റെമിജിയൂസ് ഇഞ്ചനാനി (താമരശ്ശേരി രൂപത), ബിഷപ് ജോസഫ് മാർ തോമസ് (ബത്തേരി രൂപത), ബിഷപ് അലക്സ് വടക്കുംതല (കണ്ണൂർ രൂപത), ബിഷപ് ജോസഫ് പണ്ടാരശ്ശേരിയിൽ (കോട്ടയം അതിരൂപത), ബിഷപ് ജോസഫ് പാംപ്ലാനി (തലശ്ശേരി അതിരൂപത) എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.