തലശ്ശേരി വികസനം: മനസ്സുതുറന്ന്​ വനിത നേതാക്കൾ

തലശ്ശേരി: വികസനവും വികസന മുരടിപ്പും തുറന്നുകാട്ടി തലശ്ശേരിയിലെ വനിത നേതാക്കൾ. തലശ്ശേരി പ്രസ്​ ഫോറം സംഘടിപ്പിച്ച 'വനിത നേതാക്കൾ മനസ്സ്​ തുറക്കുന്നു' പരിപാടിയിലാണ് മുന്നണി നേതാക്കൾ കൊണ്ടും കൊടുത്തും വാദപ്രതിവാദം നടത്തിയത്​. സമാനതകളില്ലാത്ത വികസനമാണ് തലശ്ശേരിയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിലുണ്ടായതെന്ന് വൈസ് ചെയർപേഴ്സനായിരുന്ന നജ്മ ഹാഷിം പറഞ്ഞപ്പോൾ ഫണ്ട് ചെലവഴിക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടിയതല്ലാതെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസനം തലശ്ശേരിയിൽ നടന്നില്ലെന്ന് കോൺഗ്രസിലെ എ. ഷർമിളയും ബി.ജെ.പിയിലെ സ്മിത ജയമോഹനും തിരിച്ചടിച്ചു. ഇടതുമുന്നണി വാഗ്ദാനം ചെയ്തവയിൽ 98 ശതമാനം പദ്ധതികളും പൂർത്തിയാക്കിയാണ് ഭരണം വിട്ടൊഴിഞ്ഞതെന്ന് നജ്മ ഹാഷിം പറഞ്ഞു. പൈതൃക സ്മാരകമായ കോട്ട, അറബിക്കടൽ തുടങ്ങിയ പ്രതിബന്ധങ്ങൾ കാരണമാണ് രണ്ട് ശതമാനം ബാക്കിയായതെന്നും നജ്മ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു മഴ പെയ്താൽ മുങ്ങുന്ന നഗരത്തെ കരകയറ്റാനുള്ള ഒരു പ്രതിവിധിയും നാളിതുവരെ ഭരിച്ചവർക്ക് നടത്താനായില്ലെന്ന് യു.ഡി.എഫ് മോറക്കുന്ന് വാർഡ് സ്ഥാനാർഥിയും മഹിള കോൺഗ്രസ് നേതാവുമായ എ. ഷർമിള ചൂണ്ടിക്കാട്ടി. ഇൻറർലോക്ക് ചെയ്ത ലോഗൻസ് റോഡ് പണികഴിഞ്ഞ് രണ്ട് മാസത്തിനകം പലയിടത്തായി തകർന്നു. ഫണ്ട് ചെലവഴിക്കാൻ മാത്രമായുള്ള പദ്ധതികളാണ് നഗരസഭ നടത്തിയിട്ടുള്ളതെന്നും ഷർമിള കുറ്റപ്പെടുത്തി. കോട്ടയും അറബിക്കടലും ഒരിക്കലും മാറ്റാൻ സാധ്യമല്ല. അത് അവിടെ കിടക്കും. എന്നാൽ, നഗരത്തിലെ റോഡുകൾ വികസിപ്പിക്കാനാവാത്തതിന് ഇതല്ല കാരണമെന്ന് മഹിള മോർച്ച ജില്ല പ്രസിഡൻറ് കൂടിയായ സ്മിത ജയമോഹൻ പറഞ്ഞു. ചടങ്ങിൽ നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. സിറാജുദ്ദീൻ സ്വാഗതവും രഷ്ന ദാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.