പ്രചാരണ ബോർഡുകൾ നശിപ്പിച്ചു: പൊലീസ് സ്‌റ്റേഷന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ കുത്തിയിരിപ്പ്

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെയും തില്ലങ്കേരിയിലെയും വിവിധ ഭാഗങ്ങളിൽ യു.ഡി.എഫി​ൻെറ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കാക്കയങ്ങാട്ടെ മുഴക്കുന്ന് പൊലീസ് സ്‌റ്റേഷന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. പ്രശ്‌നം ചർച്ച ചെയ്യാൻ നേരത്തേ രണ്ടു തവണ പൊലീസ് സ്‌റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നിട്ടും പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത് തുടരുകയാണ്. യു.ഡി.എഫ് നിരവധി തവണ പരാതി നൽകിയിരുന്നു. കഴിഞ്ഞ രാത്രിയും മേഖലയിലെ യു.ഡി.എഫ് ബോർഡുകൾ വ്യാപകമായി എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥാനാർഥികൾ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം തീർത്തത്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾ മണിക്കൂറുകളോളം സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബൈജുവർഗീസ്, യു.ഡി.എഫ് ചെയർമാൻ ഒ. ഹംസ, വി. രാജു, ജൂബിലി ചാക്കോ, നസീർ നെല്ലൂർ, സജിത മോഹനൻ, വി. പ്രകാശൻ, കെ.കെ. സജീവൻ കെ.വി. റഷീദ് എന്നിവർ സംസാരിച്ചു. കാക്കയങ്ങാട് മേഖലയിലെ നെല്ലൂര്, വട്ടപ്പൊയിൽ, പാറക്കണ്ടം വാർഡുകളിലും മുഴക്കുന്ന് മേഖലയിലെ 10,11,12 വാർഡുകളിലെയും ബോർഡുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. യു.ഡി.എഫ് പൊലീസിൽ വീണ്ടും പരാതി നൽകി. മേഖലയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ തെർമോകോൾ ഉപയോഗിച്ച് മറച്ചാണ് ബോർഡുകൾ എടുത്തുമാറ്റുന്നതെന്ന് പൊലീസ് പറഞ്ഞു. ചില സ്ഥലങ്ങളിൽ കാമറകൾ തിരിച്ചുവെച്ചും മാറ്റുന്നുണ്ട്. മേഖലയിലെ മുഴുവൻ കാമറകളും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മുഴക്കുന്ന് എസ്.ഐ പി.വി. ബേബി പറഞ്ഞു. തില്ലങ്കേരിയിൽ മാമ്പറം മുതൽ കണ്ണിരിട്ടി വരെയുള്ള പോസ്​റ്ററുകളാണ് നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.