തെരഞ്ഞെടുപ്പ്​ ഗോദയിലെ കാരണവന്മാർ

ഇരിട്ടി: നഗരസഭയിലെ സ്ഥാനാർഥികളിൽ പ്രായം കൊണ്ട് കാരണവരായി രണ്ടുപേർ. 24ാം വാർഡിൽ നിടിയാഞ്ഞിരത്ത് ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ എ.കെ. രവീന്ദ്രനും ആറാം വാർഡ് വള്ള്യാട് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ പി.വി. രാഘവനുമാണ് ഇക്കുറി നഗരസഭയിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥികൾ. 67 വയസ്സുകാരാണ് ഇരുവരും. സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം കൂടിയായ എ.കെ. രവീന്ദ്രന്​ നഗരസഭയിലേക്ക് ആദ്യ മത്സരമാണെങ്കിലും കീഴൂർ-ചാവശ്ശേരി പഞ്ചായത്തായിരുന്ന കാലത്ത് 2000 -2005 കാലത്ത് പഞ്ചായത്തംഗമായിരുന്നു. പി.വി. രാഘവന് ഇത് കന്നിയങ്കമാണ്. നടുവനാട് കാളാന്തോട് സ്വദേശിയായ എ.കെ. രവീന്ദ്രൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ചാവശ്ശേരി ലോക്കൽ സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചു. സി.ഐ.ടി.യു ഇരിട്ടി എരിയ ജോ. സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റിയംഗം, ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയാണ്. നിലവിലെ കൗൺസിലറും ആരോഗ്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി അധ്യക്ഷനുമായ കോൺഗ്രസിലെ പി.വി. മോഹനനാണ് എ.കെ. രവീന്ദ്ര​ൻെറ മുഖ്യ എതിരാളി. കീഴൂർകുന്ന് സ്വദേശിയായ പി.വി. രാഘവൻ കീഴൂർകുന്നിൽ പ്രവർത്തിച്ചിരുന്ന കശുവണ്ടി ഫാക്ടറിയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഐ.എൻ.ടി.യു.സി പ്രവർത്തകനായിട്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കം. 1996ൽ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന് ജോലി നഷ്​ടമായ രാഘവൻ കീഴൂർകുന്നിലെ സ്വകാര്യ സ്ഥാപനത്തിലെ ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ്. സി.പി.എമ്മിലെ പി. രഘുവും നിലവിലെ കൗൺസിലറും ബി.ജെ.പി നേതാവുമായ പി. രഘുനാഥുമാണ് രാഘവ​ൻെറ എതിരാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.