തെരഞ്ഞെടുപ്പ് പ്രചാരണം: പാനൂരിൽ കർശന നിയന്ത്രണം

പാനൂർ: പൊലീസ് സ്​റ്റേഷൻ പരിധിയിലെ കുന്നോത്തുപറമ്പ്​, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകളിലും പാനൂർ നഗരസഭയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ്​ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കി. മേഖലയിലെ രാഷ്​ട്രീയ പാർട്ടികളുടെ യോഗത്തിലാണ്​ തീരുമാനം. രാത്രി 10 മുതൽ രാവിലെ ആറു വരെ ഒരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭരണാധികാരികളുടെ പെർമിറ്റ്, മൈക്ക്, പെർമിഷൻ എന്നിവ മുൻവശത്ത് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണം. നേതാക്കൾ മുഴുവൻ പ്രചാരണ പരിപാടികളും നേരിട്ട് നിയന്ത്രിക്കേണ്ടതും തർക്കങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കേണ്ടതുമാണ്. കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമ്പോഴും മറ്റും കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. പൊതുസ്ഥലങ്ങളിൽ പുതുതായി കൊടികളോ പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാൻ പാടില്ല. പരിപാടികൾ നടക്കുന്ന സ്ഥലത്ത് കെട്ടുന്ന കൊടിതോരണങ്ങൾ പരിപാടി കഴിഞ്ഞ ഉടനെ നീക്കം ചെയ്യേണ്ടതും പരിസരം വൃത്തിയാക്കേണ്ടതുമാണ്. റോഡ്, വൈദ്യുതി തൂൺ, ടെലിഫോൺ തൂൺ, ഗവ. സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാഷ്​ട്രീയപാർട്ടികളുടെ ചുമരെഴുത്തുകളോ കൊടിതോരണങ്ങളോ മറ്റ് പ്രചാരണ സാമഗ്രികളും പാടില്ലാത്തതാണ്. പാനൂർ പൊലീസ് ഇൻസ്പെക്ടർ ഫായിസ് അലി അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ ഗണേശൻ, മനോഹരൻ, സോമൻ, സന്തോഷ്, വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു. പി.ആർ.ഒ ദേവദാസ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.