കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു: പഴശ്ശി ജലസംഭരണിയിൽ ജലനിരപ്പ്​ ഉയർന്നു

ഇരിട്ടി: തുലാവർഷം കുറഞ്ഞതോടെ കടുത്ത വരൾച്ചക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒരാഴ്​ച മുമ്പ്​ അടച്ച പഴശ്ശി പദ്ധതിയുടെ ജലസംഭരണിയിൽ എട്ടുമീറ്റർ ജലം ഉയർന്നു. നവംബർ 16നാണ് പഴശ്ശി ഡാമി​ൻെറ ഷട്ടർ അടച്ച് ജലസംഭരണം തുടങ്ങിയത്. ഷട്ടർ അടക്കുന്ന സമയത്ത് 14.20 മീറ്റർ ജലമാണ് ജലസംഭരണിയിൽ ഉണ്ടായിരുന്നത്. ഇന്നലെ വരെ 22.88 മീറ്ററായി ഉയർന്നു. 26.52 മീറ്ററാണ് പദ്ധതിയിലെ സംഭരണശേഷി. ഒരാഴ്​ച കൂടി കഴിയുമ്പോഴേക്കും എഫ്.ആർ.എൽ (ഫുൾ റിസർവോയർ ലെവൽ) വെള്ളം ഉയരുമെന്നാണ് ഇറിഗേഷൻ അധികൃതർ പ്രതീക്ഷിക്കുന്നത്. എഫ്.ആർ.എൽ ലെവൽ എത്തുന്നതോടെ അധികജലം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടും. സാധാരണ നിലയിൽ നവംബർ പകുതിയോടെ ഡാമി​ൻെറ ഷട്ടർ അടച്ച് കുടിവെള്ളത്തിനായി സംഭരിക്കാറുണ്ട്. ഇത്തവണ തുലാവർഷം പ്രതീക്ഷിച്ചപോലെ ലഭിക്കാത്തതിനാൽ വളരെ നേർത്ത നിലയിലാണ് വെള്ളം ഉയരുന്നത്. മണിക്കൂറിൽ രണ്ട്‌ സൻെറി മീറ്റർ എന്നതോതിലാണ് സംഭരണിയിൽ വെള്ളം ഉയരുന്നത്. ജില്ലയിലെ 70 ശതമാനം പ്രദേശത്തും പൈപ്പുവഴി കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി ജലസംഭരണിയിൽനിന്നാണ്. ഇത്തവണ പദ്ധതിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതോടെ ഷട്ടർ അടക്കാൻ പഴശ്ശി അധികൃതരോട് ജല അതോറിറ്റി നവംബർ ആദ്യവാരംതന്നെ ആവശ്യപ്പെട്ടിരുന്നു. പഴശ്ശി പദ്ധതിയിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നത് പദ്ധതിയോട് ചേർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.