മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്കാരം

പഴയങ്ങാടി: മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ദേശീയ പുരസ്കാരം. ആരോഗ്യ പരിപാലന രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്​റ്റാൻഡേർഡ്സ്(എൻ.ക്യു.എ.എസ്) പുരസ്കാരമാണ് മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണിത്. ഓരോ വർഷവും രണ്ടുലക്ഷം രൂപ വീതം മൂന്നുവർഷം ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്കാര തുകയായി ലഭിക്കും. ഒ.പി വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യം, അണുബാധാനിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗി സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമാർജനം, രജിസ്​റ്റർ സൂക്ഷിപ്പ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്. സംസ്ഥാനത്ത് ഈ വർഷം പുരസ്കാരം ലഭിച്ച സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന സ്കോറോടെയാണ് (95.8 ശതമാനം) മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം മാറി. ടി.വി. രാജേഷ് എം.എൽ.എ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്​ വി.വി. പ്രീത, മെഡിക്കൽ ഓഫിസർ ഡോ. അനൂപി​ൻെറ നേതൃത്വത്തിലുള്ള ജീവനക്കാർ, ആശുപത്രി മാനേജ്മൻെറ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനർഹമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.