'എള്ളോള'മല്ല ഇൗ കൃഷി

ഇരിട്ടി: റബർ വെട്ടിമാറ്റിയ അഞ്ചര ഏക്കറിൽ എള്ളുകൃഷിയുമായി തില്ലങ്കേരി കാഞ്ഞിരാട്ടെ ജൈവകർഷകരായ ഷിംജിത്തും നന്ദകുമാറും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തി​ൻെറയും കൃഷിഭവ​ൻെറയും സഹകരണത്തോടെയാണ് എള്ളുകൃഷി ചെയ്തത്. എള്ളുകൾ കായ്ച്ചുതുടങ്ങി. എള്ളുകൃഷിക്കും പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം. എന്നാൽ, കർഷകർ നെൽകൃഷി ​ൈകയൊഴിഞ്ഞു തുടങ്ങിയതോടെ എള്ളുകൃഷിയും പിന്നാക്കംപോയി. മിക്ക ജില്ലകളിലും സ്വന്തം ആവശ്യത്തിനെങ്കിലും കർഷകർ എള്ള് കൃഷി ചെയ്ത കാലമുണ്ടായിരുന്നു. വലിയ മുതൽമുടക്ക് വേണ്ട എന്നതാണ് എള്ളുകൃഷി നടത്താൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മുമ്പൊരിക്കൽ പരീക്ഷണാർഥം ചെറിയ സ്ഥലത്ത് നടത്തിയ കൃഷി വിജയകരമായിരുന്നു എന്നതാണ് അഞ്ചര ഏക്കർ സ്ഥലത്ത് എള്ള് കൃഷി ചെയ്യാൻ ഷിംജിത്തിനെയും നന്ദകുമാറിനെയും പ്രേരിപ്പിച്ചത്. സ്വന്തം കൃഷിസ്ഥലത്തിനടുത്തായി പ്രഫ. കെ.ജെ. ജോസഫി​ൻെറ സ്ഥലത്ത് റബർ വെട്ടിമാറ്റിയ കുന്നിൻചരിവിലാണ് ജൈവരീതിയിൽ എള്ള് കൃഷി ചെയ്തത്. തൊഴിലുറപ്പു പദ്ധതിയിലാണ് നിലമൊരുക്കിയത്. ഒന്നര മാസം പ്രായമായ ചെടികൾ വിളവിന് പാകമാകാൻ ഇനി ഒന്നര മാസം കൂടി വേണം. രണ്ടിനം വിത്ത് രണ്ടു സ്ഥലങ്ങളിലായിട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തെ ചെടികൾ പൂവിട്ട് കായ പിടിക്കാൻ തുടങ്ങി. എള്ള് പൂവിട്ടപ്പോൾ തുടങ്ങിയ പുഴുശല്യം തലവേദനയായിരുന്നു. ഇത്രയും സ്ഥലത്ത് തളിക്കാനുള്ള ജൈവ കീടനാശിനിയൊന്നും കൈയിലില്ല. പ​േക്ഷ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രകൃതിതന്നെ സംരക്ഷകനായി മാറിയെന്ന് ഷിംജിത്ത് പറഞ്ഞു. എല്ലായിടത്തും ജൈവകൃഷിയായതിനാൽ പല ജീവികളും പുഴുക്കളെ തിന്നാനെത്തും. രാവിലെതന്നെ കിളികൾ കൂട്ടമായി പുഴുവിനെ കൊത്തിത്തിന്നാനെത്തും. ഓന്തും മറ്റു ചെറിയ ജീവികളും കൃഷിയിടത്തിൽ യഥേഷ്​ടമുണ്ട്. ഇവയും പുഴുക്കളെ ഭക്ഷണമാക്കും. ഹെക്ടറിൽനിന്ന് 300 കിലോയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷിംജിത്ത് പറഞ്ഞു. റബർ നട്ട ചരിവുള്ള പ്രദേശമായതിനാൽ നയനമനോഹര കാഴ്ചയാണിവിടം. നിരവധി ആളുകൾ എള്ളുകൃഷി കാണാനെത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.