മാഹിപ്പള്ളി തിരുനാളിന് നാളെ തുടക്കം

മാഹി: ഉത്തര മലബാറിലെ പ്രധാന ദേവാലയമായ മാഹി സൻെറ് തെരേസ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തി‍ൻെറ കൊടിയേറ്റം തിങ്കളാഴ്​ച നടക്കും. ഒക്​ടോബർ 22ന് സമാപിക്കും. ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ അറിയിച്ചു. കുർബാനക്ക്​ ദേവാലയത്തിനകത്ത് 40 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. വിശ്വാസികളുടെ പ്രധാന നേർച്ചയായ, ദേവാലയ പരിസരത്ത് നടക്കാറുള്ള ഉരുളൽ നേർച്ച ഈ വർഷം ഉണ്ടാകില്ല. അടിമ, കുമ്പസാരം എന്നീ നേർച്ചകളും ഒഴിവാക്കി. പ്രധാന ദിവസമായ 14ന് നടക്കുന്ന തിരുനാൾ ജാഗരത്തിൽ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണത്തിൽ ഭക്തജനക്കൂട്ടം അനുഗമിക്കാൻ പാടില്ല. തിരുസ്വരൂപം തൊട്ട് വണങ്ങാനോ പൂമാല ചാർത്താനോ പാടില്ല. പാതയുടെ ഇരുവശത്ത്​ നിന്നുകൊണ്ട് തിരുസ്വരൂപത്തെ വണങ്ങാം. പള്ളിപ്പരിസരത്ത് ചന്തകളോ കച്ചവട സ്ഥാപനങ്ങളോ പാടില്ല. അഞ്ചിന് രാവിലെ 11.30ന് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ പ്രധാന തിരുമുറ്റത്ത് പതാക ഉയർത്തും. തുടർന്ന് 12 ന് വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ഇടവക വികാരി അൾത്താരയിലെ രഹസ്യ അറയിൽ നിന്ന് പുറത്തെടുത്ത് പൊതുവണക്കത്തിനായി ദേവാലയത്തി​ൻെറ വലതുവശത്ത് പ്രത്യേക പീഠത്തിൽ പ്രതിഷ്​ഠിക്കും. സമാപന ദിവസമായ 22വരെ രാവിലെ ഏഴിനും വൈകീട്ട് ആറിനും വിവിധ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. പ്രധാന ദിവസമായ 14ന് തിരുനാൾ ജാഗരത്തിൽ രാത്രി ഏഴിന് തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. തിരുനാൾ കർമങ്ങൾ തത്സമയം Theresa Shrine Mahe എന്ന youtube/facebook channelൽ ഓൺലൈനായി വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.