പാലത്തായി മന്ത്രി ശൈലജ പെൺകുട്ടിയുടെ വീട്ടിൽ; നീതി വേണമെന്ന്​ മാതാവ്​

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ മന്ത്രി കെ.കെ. ശൈലജയുടെ അപ്രതീക്ഷിത സന്ദർശനം. വീട്ടുകാരെയോ ആക്​ഷൻ കമ്മിറ്റിയെയോ മുൻകൂട്ടി അറിയിക്കാതെ എത്തിയ മന്ത്രി അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. ആദ്യമായാണ് മന്ത്രി പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പെൺകുട്ടിയുടെ വീട്ടിലെത്താത്തത്​ ഏറെ വിമർശിക്കപ്പെട്ടിരുന്നു. കേസന്വേഷണത്തിലെ വീഴ്​ച സംബന്ധിച്ച പരാതി മന്ത്രിക്ക്​ മുന്നിലും കുട്ടിയുടെ മാതാവ്​ ആവർത്തിച്ചു. നീതി ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പെൺകുട്ടിയുടെ പഠനച്ചെലവ്​ സർക്കാർ ​ഏറ്റെടുക്കാമെന്നും മന്ത്രി അറിയിച്ചു. ബി.ജെ.പി നേതാവ്​ കൂടിയായ പ്രതിക്കെതിരെ പോക്​സോ വകുപ്പ്​ ചുമത്താൻപോലും പൊലീസ്​ തയാറാകുന്നില്ലെന്ന്​ മാതാവ്​ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മൊഴിയിലെ പ്രശ്​നങ്ങളാണ്​ കാരണമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സംഘ്​പരിവാർ അധ്യാപക സംഘടന എൻ.ടി.യുവി​ൻെറ ജില്ല നേതാവായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ -45) പെൺകുട്ടിയെ സ്​കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ചെന്നാണ്​ പരാതി. ലോക്കൽ പൊലീസ്​ പോക്​സോ ചുമത്തിയ കേസ്​ പീന്നീട്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്ത്​ കുറ്റപത്രം നൽകിയപ്പോൾ പോക്​സോ ഒഴിവാക്കി. ഇതേത്തുടർന്ന്​ ജാമ്യം ലഭിച്ച പ്രതിക്കെതിരെ മാതാവും ആക്​ഷൻ കമ്മിറ്റിയും ​ഹൈകോടതിയെ സമീപിച്ചപ്പോൾ​ പെൺകുട്ടിയുടെ മൊഴിയെ അവിശ്വസിക്കുന്ന റിപ്പോർട്ടാണ്​ ക്രൈം​ബ്രാഞ്ച്​ നൽകിയത്​. ------------- പ്രതിയെ സംരക്ഷിക്കില്ല -മന്ത്രി ശൈലജ പാനൂർ: പാലത്തായി കേസിൽ പ്രതിയെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും സർക്കാറി​ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാവില്ലെന്ന്​ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പെൺകുട്ടിയുടെ വീട് സന്ദർശിച്ചു മടങ്ങിയ ശേഷമാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ മിക്കവാറും തലസ്ഥാനത്തുതന്നെ കേന്ദ്രീകരിക്കേണ്ടിവന്ന സാഹചര്യമായിരുന്നു. തിരക്കുകൾക്കിടയിൽ കുട്ടിയുടെ കുടുംബവുമായി ഫോൺ മുഖാന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും സന്ദർശിക്കാൻ ഇപ്പോഴാണ് സാധിച്ചത്. കുടുംബത്തിന് സർക്കാറി​ൻെറ എല്ലാ പിന്തുണയും നേര​േത്ത തന്നെ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ തുടർവിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചെലവുകളും സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ഡെപ്പോസിറ്റ് ഗാരൻറി ഫണ്ട് ബോർഡ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി. ഹരീന്ദ്രനും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.