കർഷക​െൻറ സ്വപ്​നങ്ങൾ കിളച്ചു മറിച്ച്​ കാട്ടുപന്നികൾ

കർഷക​ൻെറ സ്വപ്​നങ്ങൾ കിളച്ചു മറിച്ച്​ കാട്ടുപന്നികൾ പയ്യന്നൂർ: കാലവർഷത്തിനും തുലാവർഷത്തിനുമിടയിലെ കാലം തെറ്റിയെത്തിയ മഴ സമ്മാനിച്ച ദുരിതപ്പെയ്​ത്തിന്​ പിന്നാലെ കാട്ടുപന്നികളും കർഷകന് ദുരന്തം വിതക്കുന്നു. നൂറുകണക്കിന് ഹെക്​ടർ നെൽപാടങ്ങളും മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവിളകളും വ്യാപകമായി നശിപ്പിക്കുകയാണ്. പാടത്തും പറമ്പത്തും സ്വൈരവിഹാരം നടത്തുന്ന പന്നിക്കൂട്ടങ്ങൾ കിളച്ചു മറിക്കുന്നത് കർഷക​ൻെറ സ്വപ്​നങ്ങളാണ്. കന്നി പകുതിയോടെ കൊയ്​ത്ത്​ നടക്കേണ്ട വയലുകളിലാണ്​ മഴയിൽ കൃഷി നാശം ഉണ്ടായത്​. ഇതിന്​ പിന്നാലെയാണ്​ മൃഗശല്യം. ഇക്കുറി വൻതോതിൽ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്​തിരുന്നു. മരച്ചീനിയാണ് പ്രധാനം. വേലി കടന്നുചാടിയാണ് കുത്തിത്തിമർക്കുന്നത്. പത്തിലധികം പന്നികൾ ഒരേ സമയം പറമ്പുകളിലും വയലുകളിലും എത്താറുള്ളതായി കൃഷിക്കാർ പറയുന്നു. ഇക്കുറി ജില്ലയിൽ സാധാരണ ചെയ്യുന്നതിനേക്കാൾ ഇരട്ടിയിലധികം പാടശേഖരങ്ങളിൽ കൃഷിയിറക്കിയതായാണ് കൃഷി വകുപ്പി​ൻെറ കണക്ക്. പാടങ്ങൾക്ക് പുറമെ കരനെൽകൃഷിയും വ്യാപകമായുണ്ട്. മഴയിൽ ഇരുവിള വയലുകളിലെ 50 ശതമാനം നെല്ലും ഉപയോഗശൂന്യമായതായാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, നാശനഷ്​ടങ്ങളുടെ കണക്ക് വരാനിരിക്കുന്നതേയുള്ളുവെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വൻ തുക ചെലവഴിച്ചാണ് കർഷകർ കൃഷിയിറക്കിയത്. വിള ഇൻഷുറൻസ് സംവിധാനങ്ങൾ മലബാറിൽ പരിമിതമാണ്. ചെലവഴിച്ച തുക നഷ്​ടപ്പെടുമെന്ന ഭീതിയിലാണ് കൃഷിക്കാർ. കൃത്യമായ കണക്കെടുത്ത് നഷ്​ടം വിലയിരുത്തി ലോക്​ഡൗൺ കാലത്തെ ഇരട്ടിദുരിതത്തിന് പരിഹാരം കാണണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.