പരിസ്ഥിതി ലോല മേഖല കരട്​ വിജ്ഞാപനത്തെ എതിർക്കുമെന്ന് സർവകക്ഷി യോഗം

എതിർപ്പറിയിക്കാനുള്ള സമയപരിധിക്കുള്ളിൽ കർഷകർ നേരിട്ടും വിവിധ സംഘടനകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തുകളയക്കും കേളകം: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുള്ള കരട്​ വിജ്ഞാപനത്തെ എതിർക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് വിജ്ഞാപനത്തെ എതിർത്ത് കേന്ദ്ര സർക്കാറിനെ പ്രതിഷേധമറിയിക്കാൻ തീരുമാനിച്ചത്. കർഷകവിരുദ്ധമായ വിജ്ഞാപനത്തെ അംഗീകരിക്കില്ലെന്ന് വിവിധ രാഷ്​ട്രീയ, സംഘടന നേതാക്കളും അറിയിച്ചു. വിജ്ഞാപനത്തിനെതിരെ എതിർപ്പറിയിക്കാനുള്ള സമയപരിധിക്കുള്ളിൽ കർഷകർ നേരിട്ടും വിവിധ സംഘടനകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തുകളയക്കും. സമൂഹമാധ്യമങ്ങൾ വഴി പ്രധാനമന്ത്രി അടക്കമുള്ളവരെ വിഷയത്തിൽ എതിർപ്പറിയിക്കും. നിയമോപദേശകരുമായി ആലോചിച്ച് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഗ്രാമസഭകൾ ചേർന്ന് വിജ്ഞാപനത്തിനെതിരെ പ്രതിഷേധമറിയിക്കുന്നതിനും തീരുമാനമായി. പരിസ്ഥിതി ലോല വിജ്ഞാപനത്തിനെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. പരിസ്ഥിതി ലോല മേഖല വനാതിർത്തിയിൽതന്നെ നിലനിർത്തണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഉഷ അശോക് കുമാർ, വിവിധ രാഷട്രീയ-സംഘടന നേതാക്കളായ മാത്യു പറമ്പൻ, ഫാ. ബാബു മാപ്ലശ്ശേരി, പി.സി. രാമകൃഷ്ണൻ, കെ.എ. ജോസ്, എം.വി. ചാക്കോ, ജോണി ആമക്കാട്ട്, ഫാ. ജോയ് തുരുത്തേൽ, ജിൽസ് എം. മേക്കൽ, പി.ആർ. ലാലു, രാമൻ ഇടമന, സന്തോഷ് കുമാർ വെളിയത്ത്, കൊട്ടിയൂർ ശശി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.