നെൽവിത്തുകൾ ഒലിച്ചുപോയി; സങ്കടക്കണ്ണീരിന് ശമനമില്ല

ശ്രീകണ്ഠപുരം: തുടർച്ചയായി തിമിർത്തു പെയ്ത മഴയിൽ വീണ്ടും വെള്ളപ്പൊക്കം. കൃഷിയിടങ്ങൾ പലതും വെള്ളത്തിനടിയിലായി. പലയിടത്തും നെൽവിത്തുകളടക്കം ഒലിച്ചുപോയി. വളപട്ടണം പുഴ കരകവിഞ്ഞതിനാലാണ് സമീപ പ്രദേശങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത്. ശ്രീകണ്ഠപുരം, പൊടിക്കളം, കൂട്ടുംമുഖം, ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, തേർളായി, മലപ്പട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൂട്ടുംമുഖം വയലിൽ രണ്ട് ദിവസം മുമ്പ് വിതച്ച നെൽവിത്തുകൾ ഒലിച്ചുപോയതി​ൻെറ സങ്കടത്തിലാണ് കർഷകർ. പൊൻകതിർ കൊയ്യാനിരിക്കെ വെള്ളത്തിനടിയിലായി നശിച്ച കണ്ണീർ കാഴ്ച്ചകൾ കൂട്ടുംമുഖത്തെയും ചെങ്ങളായിലെയും വയലുകളിൽ കാണാനുണ്ട്. നെൽകൃഷി നശിച്ചവർക്ക് നാമമാത്ര നഷ്​ടപരിഹാരത്തുക ലഭിക്കുമെങ്കിലും വിത്ത് ഒലിച്ചുപോയതിന് നഷ്​ടം കിട്ടില്ലെന്നത് കർഷകർക്ക് വൻ തിരിച്ചടിയായി. ചുഴലി കണ്ണാടിപ്പാറയിൽ വാണിയപ്പുര ബേബിയുടെ വീടി​ൻെറ അടുക്കള ഭാഗത്തെ ഷീറ്റ് കാറ്റിൽ നിലംപതിച്ചു. കാവുമ്പായിലെ കുന്നോത്ത് ഉണ്ണിയുടെ വീടി​ൻെറ ചുറ്റുമതിൽ മഴയിൽ തകർന്നു. മടമ്പത്ത് മരം വീണ് വൈദ്യുതി ലൈൻ നിലംപതിച്ചു. പലരുടെയും വാഴ, കപ്പ തുടങ്ങി വിവിധ വിളകളും നശിച്ചിട്ടുണ്ട്. കർഷകർക്ക് നഷ്​ടം സംഭവിച്ചതി​ൻെറ ഇൻഷുർ തുക മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. മറ്റ് സഹായങ്ങൾ ഉണ്ടാവാറില്ല. മരങ്ങൾ പൊട്ടിവീണ് പലയിടത്തും വൈദ്യുതി മുടങ്ങി. സംസ്ഥാനപാതയിലടക്കം മരം വീണ് ഗതാഗതവും മുടങ്ങി. വളെക്കെയിൽ മരം വീണ് വൈദ്യുതി തൂൺ ലൈനടക്കം നിലംപതിച്ചെങ്കിലും തലനാരിഴക്ക്​ ദുരന്തം ഒഴിവായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഉൾപ്പെടെയെത്തിയാണ് മരം മുറിച്ചുനീക്കിയത്. ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുംവരെ ഗതാഗതം വളക്കൈ-നിടുവാലൂർ വഴി തിരിച്ചു വിടുകയായിരുന്നു. കഴിഞ്ഞ ദിവസം പയ്യാവൂര്‍ -ഏരുവേശ്ശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വണ്ണായിക്കടവ് പാലത്തിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിരിക്കയാണ്. പയ്യാവൂർ കണ്ടകശ്ശേരി പാലവും വെള്ളത്തി​ൻെറ കുത്തൊഴുക്കിനെത്തുടർന്ന് അപകടക്കെണിയിലാണ്​. ചെങ്ങളായിലടക്കം പലയിടത്തും പ്രളയഭീതിയെത്തുടർന്ന് കുടുംബങ്ങൾ മാറിത്താമസിക്കേണ്ട സ്ഥിതിയുമുണ്ട്. തേർലായി ദ്വീപ് നിവാസികൾ ആശങ്കയിൽക്കഴിയുകയാണ്. മലമടക്കുഗ്രാമങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്നുണ്ട്. കരിങ്കൽ ക്വാറി പ്രദേശങ്ങളിലാണ് അപകടക്കെണിയുള്ളത്. വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ആടാംപാറ, പൊട്ടൻ പ്ലാവ്, ഒന്നാം പാലം, കുടിയാൻമല, മുന്നൂർ കൊച്ചി, പൈതൽമല, തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്​. പ്രളയ ദുരിതമനുഭവിച്ച ശ്രീകണ്ഠപുരത്തെയും ചെങ്ങളായിലെയും വ്യാപാരികൾ ഇനിയുമൊരു പ്രളയം വരല്ലേയെന്ന പ്രാർഥനയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.