പൂപ്പറമ്പ്, കുടിയാന്മല പി.എച്ച്.സികൾ സി.എച്ച്.സികളായി ഉയർത്തിയില്ല

ആവശ്യത്തിന്​ സൗകര്യങ്ങളുണ്ടായിട്ടും വികസനത്തിന്​ നടപടിയില്ല ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പ്, കുടിയാന്മല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും സാധ്യമായില്ല. മലയോര ഗ്രാമങ്ങളിലെ വർഷങ്ങളുടെ പഴക്കമുള്ള രണ്ട് ചികിത്സ കേന്ദ്രങ്ങളാണ് സി.എച്ച്.സിയായി ഉയർത്താനുള്ള സൗകര്യങ്ങളുണ്ടായിട്ടും വികസനം കാത്തുകഴിയുന്നത്. ഈ രണ്ട് ചികിത്സ കേന്ദ്രങ്ങളും വികസിപ്പിച്ചാൽ കുടിയേറ്റ ഗ്രാമങ്ങളിലെ കർഷകർക്കും തൊഴിലാളികൾക്കും ഉപകാരപ്രദമാകും. പൂപ്പറമ്പിലെ പി.എച്ച്.സിയിൽ ഒരു സ്ഥിരം ഡോക്ടറും ഒരു താൽക്കാലിക ഡോക്ടറുമാണുള്ളത്. ആവശ്യത്തിനുള്ള ജീവനക്കാരും മറ്റ് സൗകര്യങ്ങളും ഉണ്ട്. നിലവിലുള്ള കെട്ടിടത്തിന് മുകളിൽ ഏരുവേശ്ശി പഞ്ചായത്ത് ഒരു നിലകൂടി പണിതിട്ടുണ്ട്. കൂടാതെ പഴയ പി.എച്ച്.സി കെട്ടിടം അടുത്ത കാലത്തായി നവീകരിച്ചിട്ടുമുണ്ട്. ഈ സൗകര്യമെല്ലാം വിപുലമായി ഉപയോഗിക്കുന്ന നിലയിലാണുള്ളത്. കുടിയാന്മല പി.എച്ച്.സിയിലും ഒരു സ്ഥിരം ഡോക്ടറുടെയും ഒരു താൽക്കാലിക ഡോക്ടറുടെയും സേവനം ലഭ്യമാണ്. ഇവിടെയും ഏരുവേശ്ശി പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നിലവിലുള്ള കെട്ടിടത്തിനു മുകളിൽ പുതിയ ഒരു കെട്ടിടം കൂടി പണിയുന്നുണ്ട്. കൂടാതെ കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം പണിയാൻ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടി നടന്നുവരുകയാണ്. കുടിയാന്മല ടൗണിനോട് ചേർന്നുള്ള ഈ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാവശ്യമായ സ്ഥലവും നിലവിലുണ്ട്. മലയോരത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഈ രണ്ട് പി.എച്ച്.സികളും കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുന്നയിച്ച് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ പ്രമേയം പാസാക്കിയെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.