കേരളം കലാപഭൂമിയാക്കാൻ സി.പി.എം ശ്രമം -മുല്ലപ്പള്ളി രാമചന്ദ്രന്‍

തലശ്ശേരി: കേരളത്തെ കലാപഭൂമിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടയില്‍ സി.പി.എമ്മുകാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ഇതിന് തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ തലശ്ശേരി പഴയ ബസ് സ്​റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ഉപവാസം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. ഇടത് സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സ്വര്‍ണ കള്ളക്കടത്ത്, അന്താരാഷ്​ട്ര മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയില്‍ മാര്‍ക്‌സിസ്​റ്റ് പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതായി പുറത്തുവന്നിരിക്കുകയാണ്. വെഞ്ഞാറമൂട് നടന്ന കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇൗ സംഭവത്തിൽ സത്യസന്ധമായ അന്വേഷണം കേരള പൊലീസി‍ൻെറ ഭാഗത്തുനിന്നുണ്ടാവില്ല. അതിനാലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നുകണ്ടാണ് സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുന്നത്. കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണ് സി.പി.എം ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു. സമരവേദിയില്‍ കെ. മുരളീധരന്‍ എം.പി, സണ്ണി ജോസഫ് എം.എൽ.എ എന്നിവർ സംസാരിച്ചു. കെ.സി.ജോസഫ് എം.എൽ.എ ഓൺലൈനിലൂടെ സമരത്തെ അഭിസംബോധന ചെയ്​തു. സതീശൻ പാച്ചേനിെക്കാപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി, വി.എ. നാരായണൻ, വി. രാധാകൃഷ്​ണൻ, വി.എൻ. ജയരാജ്, അഡ്വ.സി.ടി. സജിത്ത്, റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ് തുടങ്ങിയവർ ഉപവാസമനുഷ്​ഠിച്ചു. മമ്പറം ദിവാകരൻ, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ പാനുണ്ട, ഹരിദാസ് മൊകേരി, അഡ്വ.കെ. ശുഹൈബ്, എം.പി. അസൈനാർ, സി.വി.എ. ജലീൽ, അജിത്ത് മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.