കടമ്പൂര്‍ വാതക ശ്മശാനം നാടിന് സമര്‍പ്പിച്ചു

കടമ്പൂർ: കാത്തിരിപ്പിനൊടുവില്‍ സ്വന്തമായൊരു ആധുനിക ശ്മശാനം എന്ന കടമ്പൂര്‍ ഗ്രാമപഞ്ചായത്തി‍ൻെറ സ്വപ്‌നം യാഥാര്‍ഥ്യമായി. കരിപ്പാച്ചാല്‍ കുന്നുമ്പ്രത്ത് നിര്‍മിച്ച ആധുനിക വാതക ശ്മശാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് നാടിന് സമര്‍പ്പിച്ചു. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കടമ്പൂരില്‍ ആധുനിക ശ്മശാനം യാഥാര്‍ഥ്യമായത്. 1982ല്‍ ശ്മശാനത്തിനായി സ്ഥലം വാങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. ഒരു കോടി 32 ലക്ഷം രൂപ ചെലവഴിച്ച് 2.3 ഏക്കറിലാണ് തികച്ചും ശാസ്ത്രീയമായ രീതിയില്‍ ശ്മശാനം നിര്‍മിച്ചിട്ടുള്ളത്. എല്‍.പി.ജി ഉപയോഗിച്ചാണ് സംസ്‌കരണം. ഒരു സിലിണ്ടര്‍ എല്‍.പി.ജിയാണ് ഒരു മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടത്. സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന പുക ജലത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് പുറത്തേക്ക് വിടും. 30 മീറ്റര്‍ ഉയരത്തിലുള്ള പുകക്കുഴല്‍ ഇതിനായി ഉപയോഗിക്കുന്നു. വിശാലമായ പാര്‍ക്കിങ്​ ഏരിയ, പ്ലേ ഗ്രൗണ്ട് എന്നിവ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ പൂന്തോട്ടവും വൈകുന്നേരങ്ങളില്‍ ആളുകള്‍ക്കൊത്തുകൂടാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഓപണ്‍ ജിമ്മും ഇതിനോടനുബന്ധിച്ച് ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ചടങ്ങില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. വിമലാദേവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, മുന്‍ എം.എല്‍.എ കെ.കെ. നാരായണന്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.എന്‍. ബിജോയ്, ഹരിത കേരള മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. പ്രദീപന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.