പൊന്ന്യത്ത് പൊട്ടിത്തെറിച്ചത് നാടൻ ബോംബ്

കതിരൂർ മേഖലയിൽ വ്യാപക റെയ്​ഡ്; അന്വേഷണം തുടരുന്നു തലശ്ശേരി: കതിരൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ പൊന്ന്യം ചൂള മിൽ റോഡിനടുത്ത് പുഴക്കരയിലെ ഷെഡിൽ പൊട്ടിത്തെറിച്ചത് നാടൻ ബോംബാണെന്ന് നിഗമനം. സ്ഫോടനം നടന്ന െഷഡിൽനിന്ന്​ 13 സ്​റ്റീൽ കണ്ടെയ്​നർ ബോംബുകൾ കതിരൂർ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പൊട്ടിത്തെറിയുണ്ടായ വസ്​തുവിൻെറ അവശിഷ്​ടങ്ങൾ പരിശോധിച്ചതിൽ സ്​റ്റീൽ കണ്ടെയ്​നറുടെ അംശമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. നിർമാണത്തിനിടയിൽ തന്നെയാവാം സ്ഫോടനമുണ്ടായതെന്നാണ് യുവാക്കൾക്കുണ്ടായ പരിക്കിൽനിന്ന് പൊലീസ് അനുമാനിക്കുന്നത്​. തത്സമയം സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളുണ്ടെന്നാണ് വിവരം. പരിക്കേറ്റ മാഹി അഴിയൂർ സ്വദേശി കല്ലറോത്ത് റമീഷിൻെറ ഇരു കൈപ്പത്തികളും സ്ഫോടനത്തിൽ ചിതറിയിട്ടുണ്ട്. ധീരജിന് മുഖത്തും കണ്ണിനുമാണ് പരിക്ക്. ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിലും മറ്റൊരാൾ കണ്ണൂരിലും ചികിത്സയിലാണ്. ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ് പരിക്കേറ്റവർ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, കതിരൂർ സി.​െഎ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊന്ന്യത്തെ ബോംബ് സ്ഫോടനത്തി‍ൻെറ പശ്ചാത്തലത്തിൽ സമീപപ്രദേശങ്ങളായ കുണ്ടുചിറ, കക്കറ, ഡയമണ്ട് മുക്ക്, നായനാർ റോഡ്, മൂന്നാം മൈൽ ഭാഗങ്ങളിൽ സായുധ പൊലീസ് സാന്നിധ്യത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വെള്ളിയാഴ്​ച രാവിലെയും വ്യാപക തിരച്ചിൽ നടത്തി. ബോംബ് സ്ക്വാഡ്​ ഇൻസ്​​െപക്​ടർ ശശിധരൻ തിരച്ചിലിന് നേതൃത്വം നൽകി. സ്ഫോടകവസ്​തു നിയന്ത്രണ നിയമപ്രകാരമാണ് കതിരൂർ പൊലീസ് സംഭവത്തിൽ കേസെടുത്തത്. എന്നാൽ, സ്ഫോടക വസ്​തുക്കൾ ശേഖരിച്ചതിന് പിന്നിലുള്ള രാഷ്​ട്രീയത്തെക്കുറിച്ച് വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. സംഭവം വിശദമായി അന്വേഷിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.