അക്രമ സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം – സര്‍വകക്ഷി യോഗം

പ്രാദേശിക തലങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊലീസ് സ്​റ്റേഷന്‍ തലങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് സമാധാന യോഗങ്ങള്‍ നടത്തും കണ്ണൂർ: ജില്ലയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം അപലപിച്ചു. അക്രമ സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ യോഗം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയില്‍ അടുത്തകാലത്തായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. പ്രാദേശിക തലങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊലീസ് സ്​റ്റേഷന്‍ തലങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് സമാധാന യോഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയില്‍ കോവിഡ് വ്യാപനത്തി‍ൻെറ തോത് ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍, വരുംദിനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു മാത്രമേ നടത്താവൂവെന്നും ജില്ല കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ നിർദേശം നല്‍കിയതായി ജില്ല പൊലീസ്​ മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു. സമാധാന യോഗത്തില്‍ കക്ഷി നേതാക്കളായ കെ.പി. സഹദേവന്‍, പി.വി. ഗോപിനാഥ് (സി.പി.എം), ചന്ദ്രന്‍ തില്ലങ്കേരി (ഐ.എന്‍.സി), എന്‍. ഹരിദാസ് (ബി.ജെ.പി), അബ്​ദുല്‍ കരീം ചേലേരി (ഐ.യു.എം.എല്‍), സി.പി. സന്തോഷ്‌കുമാര്‍ (സി.പി.ഐ), ഒ. രാഗേഷ് (ആര്‍.എസ്.എസ്), മഹ്മൂദ് പറക്കാട്ട് (ഐ.എന്‍.എല്‍), പി.പി. ദിവാകരന്‍ (ജെ.ഡി.എസ്), രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ് ബി), ജോയ് കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ് എം), വത്സന്‍ അത്തിക്കല്‍, മാത്തുക്കുട്ടി ചന്തപ്ലാക്കല്‍ (കേരള കോണ്‍ഗ്രസ് ജെ), എം. ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ് എസ്), എം. പ്രഭാകരന്‍ (എന്‍.സി.പി), സി.എ. അജീര്‍ (സി.എം.പി), സി. മുഹമ്മദ് ഇംതിയാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), കെ.ഒ. ജയകൃഷ്ണന്‍ (വി.എച്ച്.പി), സി.പി. ശക്കീര്‍ (കെ.എന്‍.എം), മാത്യു ബേബി, സബ് കലക്ടര്‍മാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.