കരിവെള്ളൂരിൽ തളിർക്കും തൊഴിലുറപ്പി‍െൻറ 'മിയാവാക്കി' വനം

കരിവെള്ളൂരിൽ തളിർക്കും തൊഴിലുറപ്പി‍ൻെറ 'മിയാവാക്കി' വനം പയ്യന്നൂർ: തൊഴിലുറപ്പി​ൻെറ ഭാഗമായി കരിവെള്ളൂരിൽ മരം നട്ട് തണൽ വിരിക്കുകയാണ് ഒരുസംഘം ചെറുപ്പക്കാർ. ലക്ഷ്യം വെറും തണൽമരമല്ല, 'മിയാവാക്കി' വനമാണെന്നറിയുമ്പോഴാണ് പുതിയകാലത്തെ കരിവെള്ളൂർ വിപ്ലവം ശ്രദ്ധേയമാകുന്നത്​. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരളം പദ്ധതിയുടെയും ഭാഗമായാണ് പച്ചതുരുത്ത് അഥവാ മിയാവാക്കി വനം ഒരുങ്ങുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക്​ കീഴിൽ യൂത്ത് ചലഞ്ചി​ൻെറ ഭാഗമായി രജിസ്​റ്റർ ചെയ്ത വിദ്യാസമ്പന്നരായ യുവാക്കളാണ് ഗ്രാമപഞ്ചായത്ത് ഭൂമിയിൽ വനവത്​കരണ പരിപാടി ആരംഭിച്ചത്. ജില്ലയിലെ പ്രഥമ മിയാവാക്കിയാണ് കരിവെള്ളൂരിൽ തളിരിടുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവർ ഉൾപ്പെടെ നിരവധി യുവാക്കളാണ് വന നിർമിതിയിൽ പങ്കാളികളാവുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് അതിജീവനത്തിന് പുതിയ വഴി കണ്ടെത്തുക കൂടിയാണ് യുവാക്കൾ. സാമ്പത്തികമായ നേട്ടത്തിനപ്പുറം ഒഴിവുസമയത്തെ വിരസതയകറ്റൽ, പരിസ്ഥിതി സംരക്ഷണം, കൂട്ടായ്മ എന്നിവയാണ് ഈ മേഖലയിലേക്ക് ആകർഷിച്ചതെന്ന് ഇവർ പറയുന്നു. പ്രമുഖ ജാപ്പനീസ് പരിസ്ഥിതി പ്രവർത്തകനായ അകിര മിയാവാക്കിയാണ് ഈ രീതി ലോകത്തിന്​ സമ്മാനിച്ചത്​. വളരെ പെട്ടെന്ന് മരങ്ങൾ വളർത്തുന്നതിനുള്ള മാർഗമാണ് മിയാവാക്കി. ചെറിയ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ട് ധാരാളം വൃക്ഷത്തൈകൾ നട്ടു വളർത്തുന്ന രീതിയാണിത്.10 വർഷം കൊണ്ട് 100 വർഷത്തെ വനവൈവിധ്യം സൃഷ്​ടിക്കാനാവുന്ന രീതിയാണിത്. ഒരു ചതുരശ്ര മീറ്ററിൽ മൂന്നു മുതൽ ആറുവരെ തൈകൾ വരുന്ന രീതിയിൽ നിലവിലെ മണ്ണെടുത്തു മാറ്റിയശേഷം പുതിയ മണ്ണുനിറച്ച് ജൈവസമ്പുഷ്​ടമാക്കിയാണ് തൈകൾ നടുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ടത്തിൽ ഒരു ഏക്കർ സ്ഥലത്താണ് ആദ്യമായി ഇത്തരത്തിൽ വനം നട്ടുപിടിപ്പിക്കുന്നത്. ഏകദേശം ആറുമാസം കൊണ്ട് ഒരാൾപൊക്കത്തിൽ മരങ്ങൾ വളരുമെന്നാണ് പ്രതീക്ഷ. അതിനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻറ്​ എം. രാഘവൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. രാഘവൻ കടന്നപ്പള്ളി പടം: PYRMiyavalki Forest9 മിയാവാക്കി വനനിർമാണത്തിലേർപ്പെട്ട യുവാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.