വേതനവും ആനുകൂല്യവുമില്ല; ഇൗ ഓണക്കാലത്ത്​ ഒരുകൂട്ടം അധ്യാപകർ സത്യഗ്രഹത്തിൽ

നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയ​ൻെറ നേതൃത്വത്തിൽ അധ്യാപകർ വീട്ടുമുറ്റത്താണ്​ പ്രതിഷേധം തീർത്തത്​ അഞ്ചരക്കണ്ടി: ഈ ഓണക്കാലം ഒരുകൂട്ടം അധ്യാപകർ സത്യഗ്രഹത്തിൽ. 60 കുട്ടികളിൽ താഴെയുള്ള എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന നിയമനം ലഭിക്കാത്ത അധ്യാപകരാണ് കഴിഞ്ഞദിവസം മുതൽ വീടുകൾക്ക് മുന്നിൽ സത്യഗ്രഹം നടത്തിയത്. വീടുകളിലെ ബന്ധുക്കളടക്കമുള്ളവരെ അണിനിരത്തിയാണ് സമരരംഗത്തെത്തിയത്. സർക്കാർ ഉത്സവ ബത്തയടക്കമുള്ള ആനുകൂല്യം നൽകുമ്പോൾ ഒരു ആനുകൂല്യവും ലഭിക്കാതെ 800ന് മുകളിൽ അധ്യാപകർക്ക് ഈ ഓണക്കാലം സങ്കടക്കാലമാവുകയാണ്. നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയ​ൻെറ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരാണ് വീട്ടുമുറ്റത്ത് പ്രതിഷേധം നടത്തിയത്. മാർച്ചിലാണ് ഈ അധ്യാപകർക്ക് അവസാനമായി ദിവസ വേതനം ലഭിച്ചത്. തുടർന്നുള്ള മാസങ്ങളിലെ ദിവസ വേതനം നൽകാൻ സർക്കാർ തയാറായില്ല. ജൂൺ ഒന്നിന് സ്കൂൾ തുറന്നില്ലെങ്കിലും ഓൺലൈൻ അധ്യാപനം ആരംഭിക്കുകയുണ്ടായി. ഓൺലൈൻ അധ്യാപനം ആരംഭിച്ചതോടെ ദിവസവേതനക്കാരായ ഇത്തരം അധ്യാപകരും കുട്ടികളുടെ ഓൺലൈൻ ക്ലാസ് മോണിറ്ററിങ്​, വർക്ക് ഷീറ്റുകൾ തയാറാക്കൽ, സ്​കോളർഷിപ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഡ്യൂട്ടിയും ഇവർക്ക് ചെയ്യേണ്ടിവരുന്നുണ്ട്. സ്കൂൾ വാഹന ഡ്രൈവർ, പാചക തൊഴിലാളികൾ എന്നിവർക്കടക്കം സർക്കാർ സമാശ്വാസ സഹായം നൽകുമ്പോൾ അധ്യാപകരായ തങ്ങൾക്ക് ആനുകൂല്യം നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. മിക്ക അധ്യാപകരും ദൈനംദിന ജീവിത മാർഗങ്ങൾക്കായി മറ്റ് മേഖലകൾ നോക്കേണ്ട അവസ്ഥയാണ്. ജില്ലയിൽ മാത്രം 360 ഓളം അധ്യാപകർ ദിവസവേതനക്കാരാണ്. ഒരു എൽ.പി സ്കൂളിൽ തന്നെ നാലും അഞ്ചും അധ്യാപകർ ദിവസ വേതനക്കാരാണ്. ഇവർ ശക്തമായ പ്രതിഷേധവുമായി ഇറങ്ങിയാൽ ലക്ഷക്കണക്കിനോളം വരുന്ന വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കൊക്കെ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ പ്രശ്നങ്ങൾക്ക് സർക്കാർ പെട്ടെന്ന് തീരുമാനമെടുത്തില്ലെങ്കിൽ ഓൺലൈൻ പഠനമടക്കമുള്ള പ്രവൃത്തി നിർത്തിവെച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി ഷിജിൽ രാഗം പറഞ്ഞു. ചിത്രം 1: AJK_Adhyapakar Samarathil1 AJK_Adhyapakar Samarathil2 AJK_Adhyapakar Samarathil3 കോഴിക്കോട് ജില്ലയിലെ അധ്യാപകർ സമരത്തിൽ ചിത്രം: 2: കണ്ണൂർ ജില്ലയിലെ അധ്യാപകർ സമരത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.